ഐ.ഇ.ഡി.സി സമ്മിറ്റിന് 21ന് ചാർട്ടേഡ് ട്രെയിൻ
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ ഡിസംബർ 22 ന് കാസർകോഡ് കേന്ദ്രസർവ്വകലാശാലയിലെ എൽ.ബി.എസ് എൻജിനീയറിംഗ് കോളേജ് കാമ്പസിൽ നടത്തുന്ന 'ഐ.ഇ.ഡി.സി സമ്മിറ്റി'ൽ പങ്കെടുക്കുന്നവർക്കായി തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് ചാർട്ടേഡ് ട്രെയിൻ സർവ്വീസ് നടത്തും.
ചാർട്ടേഡ് ട്രെയിൻ തിരുവനന്തപുരത്തുനിന്നു 21ന് ഉച്ചയ്ക്ക് 2നു പുറപ്പെടും.22നു പുലർച്ചെ 4നു കാസർകോട്ടെത്തും. സുമിറ്റിന് ശേഷം അന്നു രാത്രി 11.30ന് കാസർകോട്ടുനിന്ന് മടക്കസർവ്വീസും നടത്തും. 23ന് ഉച്ചയ്ക്ക് 2.30നു തിരുവനന്തപുരത്തെത്തും. കോട്ടയം,എറണാകുളം,ഷൊർണൂർ,കോഴിക്കോട് സ്‌റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഒരു എ.സി കോച്ചും 17 സ്ലീപ്പർ കോച്ചുകളുമാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സമ്മിറ്റിനെത്തുന്ന വിദ്യാർഥികൾക്ക് ആശയങ്ങൾ പങ്കിടുന്നതിനുള്ള സൗകര്യവും ട്രെയനിൽ ഒരുക്കും.
കേരള സ്റ്റാർട്ടപ് മിഷനാണു ട്രെയിൻ സ്‌പോൺസർ ചെയ്തത്. ടിക്കറ്റ് ബുക്കിംഗിന് www.iedcsummit.in. കേരള സ്റ്റാർട്ടപ് മിഷന്റെ ഏഷ്യയിലെ ഏറ്റവും വലിയ യുവവിദ്യാർത്ഥി നവസംരംഭകത്വ ഉച്ചകോടിയാണ് ഐ.ഇ.ഡി.സി സമ്മിറ്റ്.