ബസുകൾക്കും തിരഞ്ഞെടുപ്പ് 'ഡ്യൂട്ടി ',വലഞ്ഞ് യാത്രക്കാർ

Thursday 11 December 2025 12:38 AM IST
ബസുകൾ

കോഴിക്കോട്: ബസുകൾ കൂട്ടത്തോടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയതോടെ ശരിക്കും വലഞ്ഞത് യാത്രക്കാർ. ചൊവ്വാഴ്ച മുതൽ നഗരത്തിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെയും കൊണ്ട് വോട്ടിംഗ് സാമഗ്രികൾ സൂക്ഷിച്ച കേന്ദ്രങ്ങളിലേക്ക് പോയി തുടങ്ങിയിരുന്നു. ഇന്നലെയും ഇത് തന്നെയായിരുന്നു അവസ്ഥ. സിറ്റി ബസുകളും ലൈൻ ബസുകളും ഇലക്ഷൻ ഓട്ടം നടത്തിയപ്പോൾ പാവപ്പെട്ട യാത്രക്കാർ കഷ്ടത്തിലായി. മുന്നറിയിപ്പില്ലാതെ ട്രിപ്പുകൾ കട്ട് ചെയ്യപ്പെട്ടതോടെ പലരും കൃത്യസമയത്ത് വീടുകളിലെത്താൻ പാടുപെട്ടു.

ഹർത്താൽ പ്രതീതി

മുന്നറിയിപ്പില്ലാതെ ബസുകൾ സർവീസ് നിർത്തിയപ്പോൾ മിന്നൽ ഹർത്താൽ അവസ്ഥയിലായി. വിവരം അറിയാതെ ബസ്റ്റാൻഡുകളിലും ബസ്‌സ്റ്റോപ്പുകളിലും യാത്രക്കാർ മണിക്കൂറുകളോളമാണ് ബസ് കാത്തുനിന്നത്. ചില യാത്രക്കാർ യാത്ര ഉപേക്ഷിച്ചു. രാത്രി വൈകി യാത്ര പോകുന്നവരും ബസ് കിട്ടാതെ വലഞ്ഞു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി

ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സാമഗ്രികളുള്ള സ്കൂളുകളിലെത്തിക്കുക, പോളിംഗ് സാമഗ്രികൾ ബൂത്തുകളിലെത്തിക്കുക, പൊലീസുകാരെ വിവിധ സ്ഥലങ്ങളിലെത്തിക്കുക തുടങ്ങിയവയാണ് ബസുകളുടെ ഇലക്ഷൻ ഡ്യൂട്ടി. ഇതിനുപുറമെ റിസർവായി ഉപയോഗിക്കാനും ബസുകളെ ഇലക്ഷൻ കമ്മിഷൻ ഒരുക്കിവെച്ചിട്ടുണ്ട്.