സൂരജ് ലാമ തിരോധാനം ഞെട്ടിക്കുന്നു: ഹൈക്കോടതി

Thursday 11 December 2025 12:46 AM IST

കൊച്ചി: നാടുകടത്തപ്പെട്ട് കുവൈറ്റിൽ നിന്നു സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച സൂരജ് ലാമയെ കാണാതായത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി. ഇത് ലഘുവായി കാണാനാകില്ല. ക്ഷേമ രാഷ്ട്രമെന്നാൽ ഏറ്റവും പ്രധാനം പൗരന്മാരുടെ സുരക്ഷയാണ്. ഇക്കാര്യത്തിൽ പൊലീസിനും വിമാനത്താവള അധികൃതർക്കും ഉൾപ്പെടെ ഉത്തരവാദിത്വമുണ്ടെന്നും മറുപടി നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകൻ സാന്റോൺ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടറിയാനായി ഇന്ന് വീണ്ടും പരിഗണിക്കും.

ജഡ്ജിമാരെന്ന നിലയിലല്ല, പൗരൻമാരെന്ന നിലയിലാണ് വസ്തുതകൾ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഏതു പൗരനും സംഭവിക്കാം. അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളെ കണ്ടാൽ സംരക്ഷണ കസ്റ്റഡിയിൽ വയ്‌ക്കാൻ മാനസികാരോഗ്യ നിയമപ്രകാരം പൊലീസിന് ഉത്തരവാദിത്വമുണ്ട്. സൂരജ് ലാമ ജീവിച്ചിരിക്കുന്നെന്നാണ് ഇപ്പോഴും പ്രത്യാശിക്കുന്നത്.

ഉത്തരം നൽകേണ്ടി വരും

 വിദേശത്തുള്ളവർ ഇന്ത്യയിൽ എത്തുമ്പോൾ അവരുടെ പ്രാധാന്യം നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി

 കേരളം പ്രവാസികളുടെ പണം കൊണ്ടാണു ജീവിക്കുന്നത്. വിമാനത്താവളത്തിൽ വന്നയാളെ പിന്നീട് കാണാതാവുകയാണ്. ഇപ്പോൾ പറയുന്നത് മരിച്ചെന്നു സംശയിക്കുന്നതായാണ്

 ഓരോ പൗരനും കോടതിക്ക് പ്രധാനമാണ്. ഉത്തരവാദികൾ ഉത്തരം നൽകേണ്ടിവരും