ചിത്രപ്രിയയുടേത് കൊലപാതകം, കാമുകൻ അലൻ അറസ്റ്റിൽ

Thursday 11 December 2025 12:17 AM IST

ചിത്രപ്രിയ, ബെന്നി

കാലടി: മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് ഏവിയേഷൻ വിദ്യാർത്ഥിനി ചിത്രപ്രിയ(19)യുടെ മൃതദേഹം റബർ തോട്ടത്തിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്രിലായി. കാലടി കൊറ്റമം മൂക്കടപ്പല്ലൻ വീട്ടിൽ അലൻ ബെന്നി (21)യെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ രാത്രി പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മറ്റൊരു യുവാവുമായി ചിത്രപ്രിയ പ്രണയത്തിലാണെന്ന് സംശയിച്ച അലൻ ബൈക്കിൽ കയറ്റി റബർ തോട്ടത്തിൽ എത്തിക്കുകയും വാക്കുതർക്കത്തിനിടെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അഞ്ചുവർഷം നീണ്ടുനിന്ന പ്രണയം പറഞ്ഞ് അവസാനിപ്പിക്കാനാണ് ചിത്രപ്രിയയും അലനും ആളൊഴിഞ്ഞ റബർ തോട്ടത്തിൽ ഒന്നിച്ചുകൂടിയതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. വാക്കുതർക്കത്തിനിടെ ഓരോ കാരണങ്ങൾ പറഞ്ഞ് ചിത്രപ്രിയ തുരുതുരെ മുഖത്തടിച്ചതോടെ സമനില തെറ്റിയ അലൻ വെട്ടുക്കല്ല് കഷണംകൊണ്ട് തലയ്‌ക്കടിച്ചു. അതാണ് ചിത്രയുടെ മരണകാരണം എന്നാണ് പൊലീസ് നിരീക്ഷണം. മൃതദേഹത്തിനു സമീപത്തുനിന്ന് രക്തംപുരണ്ട കല്ല് കണ്ടെത്തി. തലയോട്ടി തകർന്ന് ചോരവാർന്നാണ് ചിത്രപ്രിയ മരിച്ചതെന്നാണ് കരുതുന്നത്.

മൃതദേഹം ഇന്നലെ വൈകിട്ട് നീലേശ്വരം ശാന്തിനിലയം ശ്മശാനത്തിൽ സംസ്കരിച്ചു.

മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ ശനിയാഴ്ച രാത്രിയാണ് കാണാതായത്. പരാതി ലഭിച്ചതിനു പിന്നാലെ, ചിത്രപ്രിയയുമൊത്ത് അലൻ ബൈക്കിൽ പോകുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. പെൺകുട്ടിയെ മലയാറ്റൂരിലെ നക്ഷത്രതടാകത്തിനു സമീപം കൊണ്ടുവന്ന് വിട്ടതാണെന്ന മൊഴി രേഖപ്പെടുത്തി ഞായറാഴ്ച ഇയാളെ വിട്ടയച്ചെങ്കിലും പൊലീസ് നിരീക്ഷണത്തിലായിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ വീണ്ടും വിളിപ്പിച്ചു. പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറായില്ലെങ്കിലും തെളിവുകൾ നിരത്തിയപ്പോൾ കുറ്റം സമ്മതിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സി.സി.ടിവി ദൃശ്യങ്ങളാണ് നിർണായകമായത്.

ഇരുവരും ഒരേ നാട്ടുകാർ

ഇലക്ട്രീഷ്യനായ അലനും ചിത്രപ്രിയയും ഒരേ നാട്ടുകാരാണ്. നീലീശ്വരം എസ്.എൻ.ഡി.പി ഹൈസ്‌കൂളിൽ ഒമ്പതിലും പത്തിലും പഠിച്ചപ്പോഴാണ് ഇവർ പ്രണയത്തിലായതെന്ന് പൊലീസ് പറഞ്ഞു. ഒന്നരവർഷം മുമ്പ് പിണങ്ങി അകന്നു. അടുത്തിടെ വീണ്ടും പ്രണയത്തിലായി. ബംഗളൂരുവിൽ പഠിക്കുന്ന ചിത്ര പ്രിയയ്‌ക്ക് മറ്റൊരു പ്രണയമുണ്ടെന്ന സംശയം ബന്ധത്തിൽ വിള്ളലുണ്ടാക്കി. പലപ്പോഴും തർക്കങ്ങളുണ്ടായി. സംഭവദിവസം ചിത്രപ്രിയ ഫോണെടുക്കാത്തതിലും സംശയമുണ്ടായിരുന്നു. ഇക്കാര്യമടക്കം ചോദിക്കുന്നതിനാണ് റബർ തോട്ടത്തിൽ എത്തിച്ചത്. താനുമായി പ്രണയത്തിലായതിനാൽ സുഹൃത്തുക്കൾ വിട്ടുപോയെന്നും മറ്റും പറഞ്ഞ് ചിത്രപ്രിയ പലവട്ടം മുഖത്തടിച്ചതിന്റെ ദേഷ്യത്തിനാണ് കല്ലുകൊണ്ട് തലയ്‌ക്കടിച്ചതെന്നാണ് അലന്റെ മൊഴി. നിർണായകമായ സി.സി.ടിവി ദൃശ്യത്തിൽ മറ്റൊരു ബൈക്കിൽ രണ്ടുപേർകൂടി പോയിരുന്നതായി കാണുന്നെങ്കിലും അവർക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

പിറന്നാൾ ആഘോഷത്തിനെത്തി

വടകരയിൽ താമസിക്കുന്ന വല്യച്ഛന്റെ കൊച്ചുമകളുടെ പിറന്നാൾ ആഘോഷത്തിനായി ഈമാസം മൂന്നിനാണ് ചിത്രപ്രിയ ബംഗളൂരുവിൽ നിന്ന് എത്തിയത്. ശനിയാഴ്ച അയ്യപ്പ സേവാസംഘം നടത്തിയ അയ്യപ്പൻവിളക്ക് കാണാൻ മാതാപിതാക്കൾ പോയപ്പോഴാണ് അലനൊപ്പം പോയത്. മാതാവ് ഷിനിയുടെ കാറ്ററിംഗ് ടീമിലുള്ളവർ നടത്തിയ തെരച്ചിലിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് സെബിയൂർ കൂരാപ്പിള്ളിക്ക് സമീപത്തെ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.