സ്കൂൾ കലോത്സവം വിധിനിർണ്ണയത്തിന് കർശന മാർഗനിർദ്ദേശം:മന്ത്രി
Thursday 11 December 2025 12:20 AM IST
തിരുവനന്തപുരം: 2026 ജനുവരി 14മുതൽ 18വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങൾ നടക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. 248ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. പ്രധാന വേദിയായി തൃശൂർ തേക്കിൻകാട് മൈതാനത്തെ സജ്ജമാക്കാനാണ് ആലോചിക്കുന്നത്. കൗമാര കലാമേള പൂർണമായും പരാതിരഹിതമായി നടത്താൻ ഇത്തവണ കർശന നിലപാടുകളാകും പൊതുവിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുക. മത്സരങ്ങളുടെ സുതാര്യത ഉറപ്പാക്കാനായി സബ്‌ജില്ലാതലം മുതൽ നടക്കുന്ന കലോത്സവങ്ങളിൽ നിരീക്ഷകരുടെ സാന്നിദ്ധ്യം നിർബന്ധമാക്കിയിട്ടുണ്ട്. വിധിനിർണയവുമായി ബന്ധപ്പെട്ട പരാതികൾ ഒഴിവാക്കാൻ ജഡ്ജസിനെ തിരഞ്ഞെടുക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. അനാവശ്യമായ അപ്പീലുകളും തർക്കങ്ങളും ഒഴിവാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.