100 മീറ്റർ ലിങ്ക് റോഡിൽ നിറയെ കുഴികൾ
കൊല്ലം: ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കൊല്ലം- തിരുമംഗലം ദേശീയപാതയെയും കടപ്പാക്കട-ആശ്രാമം റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിൽ അപകടകരമായ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. നൂറ് മീറ്ററോളം വരുന്ന റോഡിലാണ് യാത്ര ദുഷ്കരമായത്.
വിവിധ സ്കൂളുകളിലേക്ക് പോകേണ്ട വിദ്യാർത്ഥികളും മുതിർന്നവരും അംഗപരിമിതരുമൊക്കെ ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. കടപ്പാക്കട ജംഗ്ഷനിലെ ട്രാഫിക്കിൽ പെടാതെ ആശ്രാമം ഭാഗത്തേക്കും കൊല്ലം ഭാഗത്തേക്കും പോകുന്നതിന് നിരവധിപേർ ഉപയോഗിക്കുന്ന റോഡാണിത്.
ടാർ അടർന്നുമാറിയ നിലയിൽ ചെറുതും വലുതുമായ നിരവധി കുഴികളാണ് റോഡിലുള്ളത്.
ആറ് മാസം മുതൽ ഒരു വർഷത്തിലേറെ പഴക്കമുള്ള കുഴികളും ഇക്കൂട്ടത്തിലുണ്ട്. ഇവ അനുദിനം തകർന്ന് വലിയ കുഴികളായി മാറുകയാണ്. ബൈക്ക് യാത്രക്കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും വർദ്ധിച്ചു. വലിയ കുഴിയിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. പലതവണ നാട്ടുകാർ പരാതി നൽകിയിട്ടും കുഴികളടയ്ക്കാൻ കോർപ്പറേഷനോ പൊതുമരാമത്തോ തയ്യാറായിട്ടില്ല. വ്യാപാരികളും നാട്ടുകാരും കല്ലും മണ്ണുമിട്ട് കുഴി നികത്താറുണ്ടെങ്കിലും നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും പഴയപടിയാകും. റോഡ് റീടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
അറ്റകുറ്റപണികളില്ല
റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് ഏറെ നാളുകളായി. താത്കാലികമായി കുഴികൾ അടയ്ക്കാൻ പോലും തയ്യാറാകുന്നില്ല. അപകടത്തിന് കാത്തിരിക്കുന്നതുപോലെയാണ് അധികൃതരുടെ സമീപനം.