ചൂരൽമലയിലെ 32 കോൺഗ്രസ് കുടുംബങ്ങൾ സി.പി.എമ്മിൽ ചേർന്നു

Thursday 11 December 2025 12:42 AM IST

കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കേ ഉരുൾ ദുരന്തബാധിത പ്രദേശമായ ചൂരൽമലയിലെ 32 കോൺഗ്രസ് കുടുംബങ്ങൾ സി.പി.എമ്മിൽ ചേർന്നു. ഭവനപദ്ധതി പ്രഖ്യാപിച്ച് കോൺഗ്രസ് ദുരന്തബാധിതരെ കബളിപ്പിച്ചു എന്നാരോപിച്ചാണിത്.

മേപ്പാടി പഞ്ചായത്ത് 10,11 വാർഡുകളിൽപ്പെട്ട കുടുംബങ്ങളാണ് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീർ ആലയ്ക്കലിന്റെ നേതൃത്വത്തിൽ സി.പി.എമ്മിലെത്തിയത്. ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റി ചെയർമാനും ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്

നസീർ.

ഉരുൾ ദുരന്ത ബാധിതരെ സംരക്ഷിച്ച ഇടതുസർക്കാർ തുടർന്നും സംരക്ഷിക്കുമെന്ന ബോദ്ധ്യത്തിലും കോൺഗ്രസിന്റെ സങ്കുചിത നിലപാടുകളിൽ പ്രതിഷേധിച്ചുമാണ് സി.പി.എമ്മിൽ ചേരാൻ തീരുമാനിച്ചതെന്ന് നസീർ ആലയ്ക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.