2055 പ്രശ്നബാധിത ബൂത്തുകൾ, സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ

Thursday 11 December 2025 12:55 AM IST

തിരുവനന്തപുരം: ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശ്ശൂർ മുതൽ കാസർകോഡ് വരെയുള്ള ഏഴുജില്ലകളിലെ 2055ബൂത്തുകൾ സംഘർഷബാധിതമെന്ന് റിപ്പോർട്ട്.ഇവിടെ വോട്ടെടുപ്പ് ഇലക്ഷൻ കമ്മിഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഇവിടങ്ങളിൽ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ അധിക പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം അതത് ജില്ലാ കളക്ടറേറ്റുകളിൽ സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമുകളിലും പ്രശ്നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയ ലൈവ് വെബ്കാസ്റ്റിംഗിലൂടെയും സിറ്റി പോലീസ് കമ്മീഷനർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിൽ നിരീക്ഷിക്കും. തൃശൂർ 81, പാലക്കാട് 180, മലപ്പുറം 295, കോഴിക്കോട് 166, വയനാട് 189, കണ്ണൂർ 1025, കാസർഗോഡ് 119 എന്നിങ്ങനെയാണ് പ്രശ്നബാധിതബൂത്തുകളുടെ എണ്ണം.