സ്വപ്നം നെയ്‌ത് വിപ്ലവമണ്ണ്  നെയ്‌ത്ത് ഗ്രാമമാകാൻ പുന്നപ്ര

Thursday 11 December 2025 1:03 AM IST

ആലപ്പുഴ: വറുതിയിലാണ്ട തീരദേശത്തെ ചേർത്തുപിടിച്ച് നെയ്‌ത്ത് ഗ്രാമം സാഫല്യമാക്കുകയാണ് വിപ്ലവമണ്ണായ പുന്നപ്ര. അഞ്ച് മാസം മുമ്പ് പുന്നപ്ര തെക്ക് പഞ്ചായത്ത് മുൻകൈയെടുത്താണ് തീരദേശഗ്രാമത്തിൽ നെയ്‌ത്തു വ്യവസായം തുടങ്ങിയത്. പദ്ധതിക്കായി 14.5 ലക്ഷം രൂപയാണ് പഞ്ചായത്ത് നൽകിയത്. തീരദേശത്തു നിന്നടക്കമുള്ള 15 വനിതകൾക്ക് ആദ്യഘട്ടത്തിൽ ജോലിയും ലഭിച്ചു.

നൂല് നിർമ്മാണത്തിനുള്ള സഹായം പഞ്ചായത്താണ് നൽകുന്നത്. ഖാദി ബോർഡിന്റെ ഓർഡറനുസരിച്ചാണ് തുണി നെയ്യുന്നത്. തൊഴിലാളികൾക്ക് കൂലി നൽകുന്നതും ഖാദി ബോർഡാണ്. 15 വനിതകൾക്കായി ഖാദി ബോർഡാണ് പരിശീലകനെ നിയമിച്ചു.

നേരത്തെയുണ്ടായിരുന്ന ഖാദിബോർഡിന്റെ നൂൽ നെയ്‌ത്ത് കേന്ദ്രത്തിലാണ് പുതുതായി മൂന്ന് തറികളും, അനുബന്ധ മെഷീനറികളും സ്ഥാപിച്ചത്. ഇവിടത്തെ 20 തൊഴിലാളികളെ നെയ്‌ത്ത് പദ്ധതിയുടെ ഭാഗവുമാക്കി. കൂടുതൽ തറികൾ സ്ഥാപിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

 വൺ ലോക്കൽ ബോഡി, വൺ ഐഡിയ

സംസ്ഥാനത്തെ തദ്ദേശ സ്ഥാനങ്ങളിൽ ഒരു ഉത്പന്നമെങ്കിലും നിർമ്മിക്കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'വൺ ലോക്കൽ ബോഡി, വൺ ഐഡിയ" പദ്ധതിയിലാണ് പുന്നപ്രയിൽ നെയ്‌ത്തുഗ്രാമമെന്ന ആശയമുണ്ടായത്. തീരദേശത്തെ പൂട്ടിക്കിടക്കുന്ന നെയ്‌ത്ത് കേന്ദ്രങ്ങൾ പുനരുദ്ധരിക്കാനായിരുന്നു പഞ്ചായത്തിന്റെ പ്ലാൻ. ആശയം പുതിയ ഭരണസമിതി നടപ്പാക്കിയാൽ വർഷങ്ങൾക്കുള്ളിൽ പുന്നപ്ര നെയ്‌ത്തുഗ്രാമമാകും. നൂറ്റാണ്ടുകൾക്ക് മുമ്പ് നെയ്‌ത്തിനുള്ള നൂൽ ഉത്പാദക ഗ്രാമമായിരുന്നു പുന്നപ്ര.