ഹഡിൽ ഗ്ളോബലിന് നാളെ തിരിതെളിയും

Thursday 11 December 2025 1:05 AM IST

തിരുവനന്തപുരം: ഇന്ത്യയിലെ വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിന്റെ ഏഴാം പതിപ്പ് 12 മുതൽ 14 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിൽ നടക്കും. 14ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ 'വിഷണറി ടോക്ക്" നടത്തും. 'ദി കേരള ഫ്യൂച്ചർ ഫോറം: എ ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റർ" സെഷനെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും.

12ന് നടക്കുന്ന 'ലീഡർഷിപ്പ് ടോക്കിൽ" സംസ്ഥാന സർക്കാരിന്റെ 'വിഷൻ 2031" പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിമാർ കാഴ്ചപ്പാടുകൾ പങ്കിടും. രാവിലെ 10.20ന് മന്ത്രി കെ.എൻ. ബാലഗോപാലും, ഉച്ചയ്ക്ക് 2.45ന് മന്ത്രി ആർ. ബിന്ദുവും, വൈകിട്ട് 4.25ന് മന്ത്രി പി. രാജീവും 'വിഷൻ 2031" പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കും. സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്, സാങ്കേതികവിദ്യ എന്നിവയിലാണ് ഹഡിൽ ഗ്ലോബൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

14ന് നടക്കുന്ന സെഷനിൽ മുഖ്യമന്ത്രിക്കൊപ്പം ദുബായ് സെന്റർ ഒഫ് എ.ഐ ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ ഫലാസി, കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ, സംസ്ഥാന സ്‌പെഷ്യൽ സെക്രട്ടറി (ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി) സീറാം സാംബശിവ റാവു, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, പോളി ജൂനിയർ പിക്‌ചേഴ്സ് സ്ഥാപകനും നടനും സി.ആർ.എ.വിയുടെ സഹസ്ഥാപകനുമായ നിവിൻ പോളി എന്നിവർ പങ്കെടുക്കും.

പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് പ്രതിനിധികൾ ഹഡിൽ ഗ്ലോബലിന്റെ ഭാഗമാകും. ലോകമെമ്പാടുമുള്ള 150ലധികം നിക്ഷേപകരുമെത്തും. കൂടുതൽ വിവരങ്ങൾക്ക് www.huddleglobal.co.in സന്ദർശിക്കണം.