ശ്രീലങ്കൻ ദൗത്യത്തിനു ശേഷം ഹെലികോപ്ടർ യൂണിറ്റ് മടങ്ങിയെത്തി

Thursday 11 December 2025 1:07 AM IST

തിരുവനന്തപുരം: ശ്രീലങ്കയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കു ശേഷം വ്യോമസേനയുടെ 'നൈറ്റ്‌സ്' ഹെലികോപ്ടർ യൂണിറ്റ് തിരിച്ചെത്തി. 'ദിത്വ' ചുഴലിക്കാറ്റിനെത്തുടർന്ന് ശ്രീലങ്കയിലുണ്ടായ പ്രളയത്തിൽപെട്ടവർക്ക് സഹായമെത്തിക്കാനുള്ള ദൗത്യമായിരുന്നു 'ഓപ്പറേഷൻ സാഗർ ബന്ധു'. തെരച്ചിൽ, രക്ഷാപ്രവർത്തനം, പുനരധിവാസ പ്രവർത്തനം എന്നിവയ്ക്ക് നേതൃത്വം നൽകിയത് ആക്കുളത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിനു കീഴിലുള്ള 109 ഹെലികോപ്ടർ യൂണിറ്റ് (109 എച്ച്‌. യു) ആയിരുന്നു.

'നൈറ്റ്സ്' എന്ന പേരിലാണ് യൂണിറ്റ് അറിയപ്പെടുന്നത്. പ്രളയ മേഖലകളിൽ നിന്ന് എം.ഐ-17വി-5 കോപ്ടറുകൾ നിരവധി പേരെ രക്ഷപ്പെടുത്തി. ഭക്ഷണ പാക്കറ്റുകൾ, കുടിവെള്ളം, മെഡിക്കൽ കിറ്റുകൾ, താത്കാലിക ഷെൽട്ടറുകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. 10ദിവസം 100പറക്കലുകളാണ് നടത്തിയത്. 264പേരെ രക്ഷപ്പെടുത്തി. 50 ടൺ മെഡിക്കൽ സാധനങ്ങളും ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്തു.