അർഹമായ വിഹിതത്തിന് ഡൽഹിയിൽ പ്രതിഷേധം : മന്ത്രി വി.ശിവൻകുട്ടി

Thursday 11 December 2025 1:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹമായ കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം ലഭിക്കാൻ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത് പരിഗണിച്ചു വരുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സമഗ്ര ശിക്ഷാ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നവംബറിൽ ഒന്നാം ഗഡുവായി 92.41 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. രണ്ടാം ഗഡുവിനായുള്ള പ്രൊപ്പോസൽ സമർപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംസാങ്കേതിക തടസവാദങ്ങൾ ഉന്നയിക്കുകയാണ്.വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്കും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സഹായത്തിനുമായി

440 കോടി രൂപ ലഭിക്കാനുണ്ട്. എന്നാൽ നടപ്പു വർഷത്തെ തുക റീഇംപേഴ്സ്‌മെന്റായി അനുവദിക്കാനാവില്ലെന്നും ഗഡുക്കളായി റിലീസ് ചെയ്യുന്ന ഫണ്ടിനൊപ്പം നൽകാമെന്നുമാണ് കേന്ദ്രം അറിയിച്ചത്.

മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ 'പ്രബന്ധ്' പോർട്ടലിൽ രേഖപ്പെടുത്താനും, തുടർന്ന് സപ്ലിമെന്ററി പ്രോജക്ട് അപ്പ്രൂവൽ മീറ്റിംഗ് തീയതി നിശ്ചയിച്ച് തുക അനുവദിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്..നടപടികൾ പൂർത്തിയായാൽ സപ്ലിമെന്ററി തീയതി സംസ്ഥാനത്തെ അറിയിക്കും.വിദ്യാഭ്യാസ മേഖലയിലെ നിർണായക ഫണ്ടുകൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടസപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു..