ബ്രാവോ ബാഴ്ഡസ,​ വിജയവഴിയിൽ ലിവർ

Thursday 11 December 2025 5:23 AM IST

കാമ്പ് നൂ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ പിന്നിൽ നിന്ന് പൊരുതിക്കയറി ജൂൾസ് കുണ്ടെയുടെ ഇരട്ടഗോളിൽ ജർമ്മൻ ക്ലബ് എയ്ൻട്രാക്‌റ്റ് ഫ്രാങ്ക്ഫുർട്ടിനെ 2-1ന് കീഴടക്കി ബാഴ്‌സലോണ. ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ അസ്‌ഗർ നൗഫ് 21-ാം മിനിട്ടിൽ ആതിഥേയരെ ഞെട്ടിച്ച് ഫ്രാങ്ക്ഫുർട്ടിന് ലീഡ് സമ്മാനിച്ചു. ഇടവേളയ്‌ക്ക് പിരിയുമ്പോൾ ഈ ഗോളിന്റെ പിൻബലത്തിൽ ഫ്രാങ്ക്ഫുർട്ട് മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 50,53 മിനിട്ടുകളിൽ സ്കോർ ചെയ്‌ത് ജൂൾസ് കുണ്ടെ ബാഴ്‌സയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. റാഷ്ഫോർഡിന്റെ പാസിൽ നിന്നാണ് കുണ്ടെ ബാഴ്‌സയുടെ സമനില ഗോൾ നേടിയത്. യുവവിസ്‌മയം ലമീൻ യമാലാണ് ബാഴ്‌സയുടെ വിജയമുറപ്പിച്ച ഗോളിലേക്ക് കുണ്ടെയ്ക്ക് അസിസ്റ്റ് നൽകിയത്. 6 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ല ബാഴ്‌സ 14-ാമതാണ്. 4 പോയിന്റ് മാത്രമുള്ള ഫ്രാങ്ക്ഫുർട്ട് 30-ാമതും.

സൂപ്പർ താരം മുഹമ്മദ് സലയില്ലാതെ ഇറങ്ങിയ ലിവർപൂൾ ഇന്റർ മിലാനെ അവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കീഴടക്കിയത്. സാൻ സിറോയിൽ മത്സരത്തിന്റെ 88-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി ഡൊമിനിക്ക് ഷോബോസ്ലായിയാണ് ലിവറിന്റെ ജയം കുറിച്ചത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുട‌ച്ചയായി മൂന്ന് മത്സരങ്ങളിൽ ലിവർപൂൾ കോച്ച് ആർനെ സ്ലോട്ട് സലയ്‌ക്ക് ആദ്യ ഇലവനിൽ അവസരം നൽകിയിരുന്നില്ല. ഇതിനെതിരെ കഴിഞ്ഞ ദിവസം സല പരസ്യമായി രംഗത്തെത്തിയിരുന്നു. ഇന്ററിനെതിരെ സലയില്ലാതെയാണ് ടീം ഇറ്റലിക്ക് പോയത്. വരുന്ന ജനുവരി വിൻഡോയിൽ സല ടീം വിടുമെന്ന അഭ്യൂഹം ശക്തമാണ്.

12 പോയിന്റ് വീതമുള്ള ലിവർപൂളും ഇന്ററും യഥാക്രമം എട്ടും അഞ്ചും സ്ഥാനങ്ങളിലാണ്.

ബയേം മ്യൂണിക്ക് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്‌പോർട്ടിംഗിനെ കീഴടക്കി പോയിന്റ് ടേബിളിൽ രണ്ടാമതെത്തി. സ്വന്തം മൈതാനമായ അലിയൻസ് അരീനയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ബയേണിന്റെ ജയം. രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത്.ഗ്‌നാബ്രിയും കാരിയും ജോനാഥാൻ തായുമാണ് ബയേണിന്റെ സ്കോറർമാർ. ബയേൺ താരം ജോഷ്വാ കിമ്മിച്ചിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളിലൂടെയാണ് സ്പോർട്ടിംഗ് നേരത്തേ ലീഡെടുത്തത്. ബയേണിന് 15 പോയിന്റും 13-ാം സ്ഥാനത്തുള്ള സ്പോ‌ർട്ടിംഗിന് 10 പോയിന്റുമാണുള്ളത്. അത്‌ലറ്റിക്കോ മാഡ്രിഡ് 3-2ന് പി.എസ്.വിയെ കീഴടക്കിയപ്പോൾ ചെൽസി 1-2ന് അത്ലാന്റയോട് തോറ്റു.

രോഹിതും കൊഹ്‌ലിയും തമ്മിൽ

ദുബായ്: ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മ ഒന്നാം സ്ഥാനത്ത തുടരുന്നു. അതേസമയം സമീപകാലത്ത് മികച്ച ഫോമിലുള്ള വിരാട് കൊഹ്‌ലി രണ്ട് സ്ഥാനങ്ങൾ മുകളിലേക്ക് കയറി രണ്ടാം റാങ്കിലെത്തി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിൽ രണ്ട് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 302 റൺസെടുത്തിരുന്നു. റാങ്കിംഗിലെ കുതിപ്പിന് ഈ പ്രകടനം ചാലകശക്തിയായി.781 ആണ് രോഹിതിന്റെ റേറ്റിംഗ് പോയിന്റ്. കൊഹ്‌ലിക്ക് 773 റേറ്റിംഗ് പോയിന്റാണുള്ലത്.ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ പരിക്ക് മൂലം കളിക്കാതിരുന്ന ശുഭ്‌മാൻ ഗിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.കെ.എൽ രാഹുൽ രണ്ട് സ്ഥാനം മുകളിലേക്ക് കയറി 12-ാം റാങ്കിലെത്തി.

ഇന്ത്യയ്ക്ക് വെങ്കലം

ചെന്നൈ: ജൂനിയർ പുരുഷ ലോകകപ്പിൽ ഇന്ത്യയ്ക്ക് വെങ്കലം.മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിൽ ഇന്ത്യ അർജന്റീനയെ 4-2ന് കീഴടക്കി. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ ്ഇന്ത്യ ത്രസിപ്പിക്കുന്ന ജയചം നേടിയത്.

അൻകിത്,മൻമീത്,ഷർദാനന്ദ്, അൻമോൽ എന്നിവർ ഇന്ത്യയ്‌ക്കായി ലക്ഷ്യംകണ്ടു. റോഡ്രിഗസും ഫെർണാണ്ടസുമാണ് അർജന്റീനയുടെ സ്കോറർമാർ. ഇതിഹാസ മലയാളി ഗോൾ കീപ്പർ ശ്രീജേഷാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ. സെമിയിൽ ഇന്ത്യ 1-5ന് ജർമ്മനിയോട് തോറ്റിരുന്നു.