മുതിർന്നവർക്ക് മാത്രം വോട്ട് ചെയ്‌താൽ മതിയോ; കൗതുകമുണർത്തി കുട്ടികളുടെ പോളിംഗ്

Thursday 11 December 2025 11:16 AM IST

കാക്കനാട്: ജനാധിപത്യത്തിന്റെ മഹോത്സവമെന്ന് വിശേഷിപ്പിക്കുന്ന തിരഞ്ഞെടുപ്പിൽ അണിചേർന്ന് അങ്കണവാടി കുരുന്നുകളും. തൃക്കാക്കര നഗരസഭ മൂലേപ്പാടം വാർഡിലെ 47-ാം നമ്പർ അങ്കണവാടിയി​ലെ കുരുന്നുകളാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ അനുകരിച്ച് വോട്ട് ചെയ്തത്.

നേരത്തെ കുട്ടികൾ തന്നെ സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പ് പ്രചാരണവും നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടായിരുന്നു കുട്ടി തിരഞ്ഞെടുപ്പ് നടന്നത്. പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഓഫീസറും ബൂത്ത് ഏജന്റുമാരും വോട്ടർമാരുമെല്ലാം മൂന്നു വയസുകാരായ കുരുന്നുകളായിരുന്നു. ഏഴ് പേരായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായത്. ഫാത്തിമ അമാൽ പ്രിസൈഡിംഗ് ഓഫീസറായപ്പോൾ ലൂക്ക ജോസ് പോളിംഗ് ഓഫീസറും മുഹമ്മദ് ഐസാം, റബീ ഉസ്മാൻ എന്നിവർ ബൂത്ത് ഏജന്റുമാരുമായി. സൈമ സമാൻ, ലൂക്ക ജോസ്, അനയിഗ എന്നിവരായിരുന്നു വോട്ടർമാർ.

സാധാരണ തിരഞ്ഞെടുപ്പിലേതുപോലെ സ്ലിപ്പുകളും, ബാലറ്റും തുടങ്ങി വോട്ടർമാരുടെ ചൂണ്ടുവിരലിൽ തേക്കാൻ മഷി വരെ അധികൃതർ ഒരുക്കിയിരുന്നു. കൗതുകത്തിനൊപ്പം വോട്ടെടുപ്പിന്റെ പ്രത്യേകതകളും ആവശ്യകതയും സംബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിന് കൂടിയായിരുന്നു കുട്ടി തിരഞ്ഞെടുപ്പ്.

അങ്കണവാടി ടീച്ചർ പി എം അസ്മ, ഹെൽപ്പർ സി നിഷ, വിദ്യാർത്ഥിനികളിലൊരാളുടെ മാതാവായ ലൈല ബീവി എന്നിവരുടെ ആശയം യാഥാർത്ഥ്യമായപ്പോൾ കുട്ടികൾക്കൊപ്പം പ്രദേശവാസികൾക്കും തി​രഞ്ഞെടുപ്പ് കൗതുകക്കാഴ്ചയായി.