മദ്യപിച്ച് ബൂത്തിലെത്തി പ്രിസൈഡിംഗ് ഓഫീസർ സാരി ഉടുക്കാത്തത് എന്തെന്ന് ചോദ്യം; പൊലീസുകാരനെതിരെ അന്വേഷണം

Thursday 11 December 2025 3:27 PM IST

കാസർകോട്: ബോവിക്കാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും പ്രിസൈഡിംഗ് ഓഫീസറോട് മോശമായി പെരുമാറിയതായും പരാതി. മുളിയാർ ഗ്രാമപഞ്ചായത്തിലെ ബെഞ്ച് കോർട്ട് വാർഡിലെ ബൂത്തായ ബോവിക്കാനം എയുപി സ്‌കൂളിൽ ഇന്നലെയായിരുന്നു സംഭവം.

പ്രിസൈഡിംഗ് ഓഫീസറും നെല്ലിക്കുന്ന് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയുമായ അനസൂയയാണ് ഇൻസ്‌പെക്‌ടർ എംവി വിഷ്‌ണുപ്രസാദിന് പരാതി നൽകിയത്. പോളിംഗ് ഡ്യൂട്ടിക്കെത്തിയ സിവിൽ പൊലീസ് ഓഫീസർ സനൂപ് ജോണിനെതിരെയായിരുന്നു പരാതി. ഇൻസ്‌പെക്‌ടർ ഉടൻതന്നെ ബൂത്തിലെത്തി പ്രിസൈഡിംഗ് ഓഫീസറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

ഒരാൾ മുണ്ടും ഷർട്ടും ധരിച്ച് ബൂത്തിലേക്ക് കയറി വന്നു. ആരാണെന്ന് തിരക്കിയപ്പോൾ പൊലീസ് ആണെന്ന് മറുപടി നൽകി. പൊലീസ് ആണെങ്കിൽ യൂണിഫോം വേണ്ടേ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ എന്താ സാരി ഉടുക്കാത്തത് എന്ന് തിരികെ ചോദിച്ചുവെന്നും ഉദ്യോഗസ്ഥ പറഞ്ഞു.

വൈദ്യപരിശോധന നടത്തണമെന്ന് സനൂപ് ജോണിനോട് ഇൻസ്‌പെക്‌ടർ ആവശ്യപ്പെട്ടതോടെ വസ്‌ത്രം മാറിവരാം എന്നുപറഞ്ഞ് കാറിൽ കയറി കടന്നുകളഞ്ഞു. ഇയാൾക്കെതിരെ നടപടിയെടുക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.