കൊച്ചിക്ക് ഇനി 109 കലാദിനങ്ങൾ

Friday 12 December 2025 2:42 AM IST

കൊച്ചി: കൊച്ചിക്ക് ഇനി കലാപ്രദർശനങ്ങളുടെയും ചർച്ചകളുടെയും സാംസ്‌കാരിക വിനിമയത്തിന്റെയും 109 ദിനങ്ങൾ. ഇന്ത്യയിലെ ആദ്യത്തെയും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ കലാമേളയായ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് ഇന്ന് ആരംഭിക്കും. മാർച്ച് 31ന് സമാപിക്കുന്ന ബിനാലെ ആസ്വദിക്കാൻ സ്വദേശികളും വിദേശികളും കൊച്ചിയിലെത്തും.

നിഖിൽ ചോപ്രയും ഗോവയിലെ എച്ച്.എച്ച് ആർട്ട് സ്‌പേസസും ചേർന്ന് ക്യുറേറ്റ് ചെയ്യുന്ന പ്രദർശനത്തിൽ 25 രാജ്യങ്ങളിലെ 66 കലാപദ്ധതികൾ ഒരുക്കിയിട്ടുണ്ട്. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലകളിലെ വേദികളിലാണ് പ്രദർശനങ്ങൾ.

കൊച്ചിയുടെ സവിശേഷ ഭൗമസാംസ്‌കാരിക പാരമ്പര്യത്തെ മുൻനിറുത്തിയ ചർച്ചകൾ പ്രോഗ്രാംസ് ഡയറക്ടർ മാരിയോ ഡിസൂസയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. സമൂഹത്തിൽ ഇഴുകിച്ചേരുന്ന രീതിയിലാണ് ആറാം ലക്കം ഒരുക്കിയത്. കാഴ്ച, ഇടം, സമയം, വിഭവങ്ങൾ എന്നിവ പങ്കിടുകയും പരസ്പരം സംഭാഷണങ്ങളിലൂടെ വളരുകയും ചെയ്യുന്നതായി ബിനാലെ മാറും.

ഉദ്ഘാടകൻ മുഖ്യമന്ത്രി

ഇ് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പരേഡ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് ആസ്പിൻവാൾ ഹൗസിൽ ബിനാലെ പതാക ഉയർത്തും.

ഉദ്ഘാടന വാരത്തിൽ വിവിധ വേദികളിലായി മെഹ്ഫിൽഇസമ, ദ എഫ് 16 എസ്, നാഞ്ചിയമ്മ ആൻഡ് ടീം എന്നിവരുടെ പരിപാടികൾ നടക്കും. യുവകേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ നാടൻകലാവിരുന്നും ഉണ്ടാകും.

ഇൻവിറ്റേഷൻസ്, സ്റ്റുഡന്റ്‌സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ, ഇടം തുടങ്ങിയ വിഭാഗങ്ങൾ 13നാരംഭിച്ച് മാർച്ച് 31 വരെ നീളും. വില്ലിംഗ്ടൺ ഐലൻഡിലെ ഐലൻഡ് വെയർ ഹൗസിലും ബിനാലെ വേദി ഒരുക്കിയിട്ടുണ്ട്.

പ്രധാന പരിപാടികൾ

രാജ്യാന്തര പ്രശസ്തമായ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഇൻവിറ്റേഷൻസ് പ്രോഗ്രാം ഏഴ് വേദികളിൽ

ഇന്ത്യയിലെ 175 കലാസ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ 'സ്റ്റുഡന്റ്‌സ് ബിനാലെ" മട്ടാഞ്ചേരിയിലെ വി.കെ.എൽ വെയർഹൗസിൽ

മലയാളികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന 'ഇടം" മട്ടാഞ്ചേരി ബസാർ റോഡിലെ മൂന്ന് വേദികളിൽ

പരേതനായ വിവാൻ സുന്ദരത്തിന്റെ 'സിക്‌സ് സ്റ്റേഷൻസ് ഒഫ് എ ലൈഫ് പർസ്യൂഡ് " ഫോട്ടോഗ്രാഫി അധിഷ്ഠിത ഇൻസ്റ്റലേഷൻ മട്ടാഞ്ചേരിയിലെ ക്യൂബ് ആർട്ട് സ്‌പേസിൽ