കാമുകന്റെ ഭാര്യ എത്തി: യുവതി രക്ഷപ്പെട്ടത് പത്താം നിലയിൽ നിന്ന് താഴേക്ക് ചാടി; പിന്നാലെ സംഭവിച്ചത്

Thursday 11 December 2025 4:22 PM IST

ഗ്വാങ്‌ഡോങ് (ചൈന): സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് പത്താം നിലയിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട യുവതിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇത് കണ്ടാൽ ആരായാലും മൂക്കത്ത് വിരൽ വച്ചുപോകും. ചൈനയിലെ ഗ്വാങ്‌ഡോങിലാണ് സംഭവം. കാമുകന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലായത്.

കാമുകനൊപ്പം ഫ്ളാറ്റിൽ നിൽക്കുകയായിരുന്ന യുവതി അയാളുടെ ഭാര്യ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ പിടിക്കപ്പെടുമെന്ന് ഭയന്ന യുവതി രക്ഷപ്പെടാൻ ബാൽക്കണിയുടെ പുറത്തേക്ക് ചാടുകയായിരുന്നു. കെട്ടിടത്തിന്റെ പത്താം നിലയിലെ ഒരു വശത്തുകൂടി താഴേക്ക് ഊർന്നിറങ്ങാനുള്ള യുവതിയുടെ ശ്രമം കണ്ട അയൽവാസികളും ഞെട്ടി.

വൈറലായ ദൃശ്യങ്ങളിൽ ജനലിലൂടെ പുറത്തേക്ക് എത്തിയ കാമുകൻ യുവതിയോട് സംസാരിക്കുന്നതും ശേഷം പെട്ടെന്ന് അകത്തേക്ക് മറയുന്നതും കാണാം. തൊട്ടുപിന്നാലെ ഒരു കൈ മാത്രം ഉപയോഗിച്ച് യുവതി ബാൽക്കണിയിൽ തൂങ്ങിക്കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കയ്യിൽ ഫോണും മുറുകെപ്പിടിച്ച് ഡ്രെയിനേജ് പൈപ്പിലൂടെയാണ് യുവതി താഴത്തെ നിലയിലേക്ക് നീങ്ങിയത്. താഴേക്ക് ഊർന്നിറങ്ങിയ യുവതി അയൽവാസിയുടെ ജനലിൽ തട്ടി സഹായം അഭ്യർത്ഥിച്ചു. അയൾ ഉടൻ തന്നെ ജനൽ തുറന്ന് യുവതിയെ സുരക്ഷിതമായി അകത്തേക്ക് വലിച്ചുകയറ്റി. ഇതോടെയാണ് രംഗം കണ്ടു നിന്നവരെല്ലാം നെടുവീർപ്പിട്ടത്.