ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ജോലിക്ക് പോവുകയായിരുന്ന നഴ്‌സിന് ദാരുണാന്ത്യം
Thursday 11 December 2025 4:48 PM IST
മലപ്പുറം: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്‌സിന് ദാരുണാന്ത്യം. വലമ്പൂർ പൂപ്പലം പാറക്കൽ വീട്ടിൽ വിനോദ് രാജിന്റെ ഭാര്യ പി കെ സുജാതയാണ് (49) മരിച്ചത്. 16 വർഷമായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.
പെരിന്തൽമണ്ണ - ഊട്ടി റോഡിൽ മാനത്തുമംഗലത്ത് ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്. അമിത വേഗത്തിൽ വന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് സുജാതയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ സുജാത റോഡിലേയ്ക്ക് തെറിച്ചുവീണു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ദേവി ഗിരിജ, സഹസ്രനാഥൻ.