പാർക്കിംഗ് മുതൽ പുതിയ വിഭാഗങ്ങൾ വരെ... ജനറൽ ആശുപത്രിയിൽ കോടികളുടെ വികസനം

Friday 12 December 2025 1:06 AM IST

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കുന്നത് കോടികളുടെ വികസന പ്രവർത്തനങ്ങൾ. പാർക്കിംഗ് ഏരിയ, പുത്തൻ കമാനങ്ങൾ, കനാൽ നിർമ്മാണം, കാന്റീൻ നിർമ്മാണം, കവേർഡ് വാക് വേ തുടങ്ങിയവയാണ് ആശുപത്രിയുടെ മുഖച്ഛായ മാറ്റുന്ന തരത്തിൽ പുതിയതായി നിർമ്മിക്കുന്നത്. ജില്ലയിലെ സർക്കാർ മേഖലയിൽ ആദ്യമായി ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ആരംഭിക്കുന്നതും ജനറൽ ആശുപത്രിയിലാണ്.

കവേർഡ് വാക് വേ

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ നിന്ന് ഒ.പി ബിൽഡിംഗ് വരെ നീളുന്നതാണ് വാക് വേ. അഞ്ചര മീറ്റർ ഉയരത്തിൽ ഹഡ്‌കോ ഫണ്ടായ 1.2 കോടി രൂപ മുടക്കിൽ നിർമ്മിക്കുന്ന വാക്‌ വേയുടെ നിർമ്മാണച്ചുമതല കെല്ലിനാണ്.

കനാൽ നിർമ്മാണം മഴക്കാലത്ത് ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറുന്നുവെന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനാണ് 3.21കോടി മുടക്കിൽ കനാൽ നിർമ്മിക്കുന്നത്. ആശുപത്രിയുടെ എല്ലാ ഭാഗങ്ങളിലും എത്തുന്ന തരത്തിലുള്ള കനാൽ സുഭാഷ് പാർക്ക് റോഡിലെ വലിയ കനാലുമായി ബന്ധിപ്പിക്കും.

ഇതിനൊപ്പമാണ് അഞ്ചിടങ്ങളിലായി വലിയ കമാനങ്ങൾ നിർമ്മിക്കുക. കമാനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചിട്ടുള്ളത്.

പാർക്കിംഗ് ഏരിയ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചതിനാൽ പാർക്കിംഗ് വലിയ പ്രശ്‌നമായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ പാർക്കിംഗ് ഏരിയ നിർമ്മിക്കുന്നത്. പഴയ റെഡ്‌ക്രോസ് കെട്ടിടം പൊളിച്ച് നീക്കിയാണ് പാർക്കിംഗ് ഏരിയ നിർമ്മാണം. 25 മുതൽ 30 വാഹനങ്ങൾ വരെ ഇവിടെ പാർക്ക് ചെയ്യാം.

പുതുവർഷ സമ്മാനമായി ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം

പുതുവർഷത്തിൽ ആശുപത്രിയിൽ ആരംഭിക്കുന്ന ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ജില്ലയിൽ സർക്കാർ മേഖലയിൽ ആദ്യത്തേതാണ്. ഒരു ഡോക്ടറാണ് ഉണ്ടാകുക. രണ്ട് നഴ്‌സുമാർ മറ്റ് ജീവനക്കാർ എന്നിവർക്കുള്ള പരിശീലനം ഇതിനകം പൂർത്തിയായി. മൂന്ന് മുറികളിലായാകും പ്രവർത്തനം. ഒന്നേകാൽ കോടി രൂപയുടെ ഉപകരണങ്ങളാണുള്ളത്. ഒന്നര കോടി രൂപ മുടക്കിലാണ് വിഭാഗം സജ്ജമാക്കുന്നത്. 20 ലക്ഷം രൂപ എച്ച്.ഡി.എസ് ഫണ്ടും 60 ലക്ഷം രൂപ ജോയ് ആലുക്കാസ് സി.എസ്.ആർ ഫണ്ടുമാണ്. മുത്തൂറ്റിന്റെ ഫണ്ടും വിനിയോഗിക്കും.

യു.കെയിൽ സേവനമനുഷ്ഠിച്ച ഡോ.ടി. പൗലോസ് ജോർജാണ് വിഭാഗം മേധാവി. 30വർഷം യു.കെയിലെ എൻ.എച്ച്.എസിൽ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റായിയിരുന്നു. സൗജന്യമായാകും ഇദ്ദേഹം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുക. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാകും ഒ.പി.