'വൈസ് ക്യാപ്ടനായി ഗിൽ വന്നത് സഞ്ജുവിന്റെ കാര്യത്തിൽ ഭീഷണിയായി', തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

Thursday 11 December 2025 5:28 PM IST

കട്ടക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. യുവതാരം ശുഭ്മാൻ ഗിൽ വൈസ് ക്യാപ്ടനായി ടീമിൽ തിരിച്ചെത്തിയതോടെ സഞ്ജുവിന് ടീമിൽ ഇടം കണ്ടെത്താൻ കൂടുതൽ പ്രയാസമായെന്നാണ് അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ ‌അഭിപ്രായപ്പെട്ടത്.

'മത്സരത്തിന് മുൻപ് സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനം ഒട്ടേറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സഞ്ജു മികച്ച ഫോമിലായിരുന്നിട്ടും സ്ലോ പിച്ചിന് അനുയോജ്യമായ മറ്റൊരു കോമ്പിനേഷനുമായാണ് ടീം മാനേജ്‌മെന്റ് മുന്നോട്ട് പോയത്. ഇന്ത്യ ലോകകപ്പ് നേടിയ ശേഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബാറ്റർമാരിൽ ഒരാളാണ് സഞ്ജു. റൺവേട്ടയിൽ മൂന്നാം സ്ഥാനത്തുള്ള അദ്ദേഹം ഓപ്പണിംഗ് സ്ഥാനത്ത് ലഭിച്ച അവസരങ്ങൾ മുതലെടുത്ത് ദക്ഷിണാഫ്രിക്കയിൽ അടക്കം മൂന്ന് സെഞ്ച്വറികൾ നേടിയിരുന്നു.

എന്നാൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്ടനായി തിരിച്ചെത്തിയതോടെ സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായി. പകരം ട്വന്റി-20 ക്രിക്കറ്റിൽ അദ്ദേഹം അധികം കൈകാര്യം ചെയ്യാത്ത മദ്ധ്യനിരയിലേക്ക് പരിഗണിച്ചു. ഇപ്പോഴിതാ, ഫിനിഷറുടെ റോളിന് കൂടുതൽ അനുയോജ്യനായ ജിതേഷ് ശർമ്മയെ ഉൾപ്പെടുത്തി സഞ്ജുവിനെ ടീമിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നു.

സഞ്ജുവിനെ ടീമിൽ കളിപ്പിക്കണം, എന്തുകൊണ്ട് അവനെ കളിപ്പിക്കുന്നില്ല എന്നതിനെക്കുറിച്ചുള്ള ചർച്ചകളെല്ലാം മത്സരത്തിനു മുൻപ് തന്നെ ഉയർന്നതാണ്. സഞ്ജുവിന് മതിയായ അവസരം ലഭിച്ചോ എന്നതും ചർച്ച ചെയ്യേണ്ടതാണ്.

വൈസ് ക്യാപ്ടൻ സ്ഥാനം ലഭിച്ചെങ്കിലും ഗില്ലിന് ഇപ്പോഴും ഫോം കണ്ടെത്താനായിട്ടില്ല. എങ്കിലും ഈ സ്ഥാനമുള്ളത് കൊണ്ടാണ് ഗില്ലിന് ടീമിൽ തുടരാൻ കഴിയുന്നതെന്ന് ആശ്വസിക്കാം. അതേസമയം സഞ്ജുവിനെപ്പോലെ മികച്ച ഫോമുള്ള ഒരാളെ പുറത്തിരുത്തി ഗില്ലിനെ കളിപ്പിക്കുന്നതിലുള്ള വിമർശനങ്ങൾ ശക്തമാണ്.

അഞ്ചാം നമ്പറിൽ സഞ്ജു അനുയോജ്യനല്ല. അവസാന ഓവറുകളിൽ അതിവേഗം റൺസ് നേടാനായി ജിതേഷ് ശർമ്മയെപ്പോലൊരാൾ സ്‌ക്വാഡിലുള്ളപ്പോൾ സഞ്ജുവിന് ആ റോൾ ചേരില്ല. സഞ്ജുവിനെ കളിപ്പിക്കുകയാണെങ്കിൽ ഓപ്പണിംഗോ മൂന്നാം നമ്പറിലോ കളിപ്പിക്കുക. സ്പിന്നിനെതിരെ കളിപ്പിക്കാൻ അദ്ദേഹത്തിന് അവസരം നൽകണം'- അശ്വിൻ വ്യക്തമാക്കി.