പുളിഞ്ചോട് മെട്രോ സ്റ്റേഷനിൽ പാർക്കിംഗ് സൗകര്യമില്ല; ദേശീയപാതയിൽ വാഹനങ്ങൾക്ക് അപകടക്കെണി
ആലുവ: പുളിഞ്ചോട് മെട്രോ സ്റ്റേഷനിൽ ആവശ്യത്തിന് പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ ദേശീയപാതയിൽ പാർക്ക് ചെയ്യേണ്ടിവരുന്നത് അപകടക്കെണിയാകുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് ഇതുവരെ വലിയ അപകടങ്ങൾ ഉണ്ടാവാതിരുന്നതെന്ന് യാത്രക്കാർ പറയുന്നു.
ആലുവ സ്റ്റേഷൻവിട്ടാൽ മെട്രോയുടെ അടുത്ത സ്റ്റേഷനാണ് പുളിഞ്ചോട്. പുളിഞ്ചോട് കവല ആലുവ നഗരസഭാ പരിധിയിലാണെങ്കിലും മെട്രോസ്റ്റേഷൻ ചൂർണിക്കര ഗ്രാമപഞ്ചായത്തിലാണ്. മെട്രോയിൽ പോകുന്നതിനായി പെരുമ്പാവൂർ, പുക്കാട്ടുപടി, എൻ.എ.ഡി ഭാഗത്ത് നിന്നെല്ലാം വരുന്നവർക്ക് നഗരത്തിൽ ബാങ്ക്കവല, ബൈപ്പാസ് ഭാഗത്തെ തിരക്ക് ഓഴിവാക്കാൻ കാരോത്തുകുഴി കവലവഴി പുളിഞ്ചോടിലേക്ക് പോകും. അതിനാൽ പുളിഞ്ചോട് മെട്രോസ്റ്റേഷനെ ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.
പ്രതീക്ഷിച്ചതിലുമേറെ യാത്രക്കാർ
പുളിഞ്ചോട് മെട്രോ സ്റ്റേഷനിൽനിന്ന് മെട്രോ അധികൃതർ പ്രതീക്ഷിച്ചതിലുമേറെ യാത്രക്കാരാണുള്ളത്. ഇവിടെ 'എൽ' മാതൃകയിൽ വളരെക്കുറച്ച് സ്ഥലമാണ് പാർക്കിംഗിനുള്ളത്. കാറുകൾ പാർക്കുചെയ്താൽ തിരികെയെടുക്കാൻ കഴിയില്ല. അതിനാൽ ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് ഇവിടെ പാർക്കിംഗ്. പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യുന്നതിന്റെ ഇരട്ടിയിലേറെയാണ് റോഡിൽ പാർക്കുചെയ്യുന്നത്.
പിക്കപ്പ് ഏരിയയും വാഹനങ്ങൾ കൈയടക്കി
മെട്രോയാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ഒരുക്കിയിട്ടുള്ള സ്ഥലമെല്ലാം രാവിലെമുതൽ ഇരുചക്ര വാഹനങ്ങൾ നിറയും. നോപാർക്കിംഗ് ബോർഡ് ഉണ്ടെങ്കിലും കാര്യമില്ല. സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും മാറ്റിവയ്പ്പിക്കാനാകില്ല. കാർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും റോഡിൽ നിരയായി പാർക്ക് ചെയ്യുകയാണ്. ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ ഫീസ് നൽകിയാണ് പാർക്കിംഗ്. ഇവിടെ ഫീസില്ലാത്തതും വാഹന യാത്രക്കാർ കൂടാൻ കാരണമാണ്.
റെയിൽവേ ഗേറ്റും കുരുക്കുകൂട്ടും
മെട്രോ സ്റ്റേഷനോട് ചേർന്നാണ് തായിക്കാട്ടുകര റെയിൽവേ ഗേറ്റ്. ഗേറ്റ് അടഞ്ഞുകിടക്കുമ്പോൾ മെട്രോസ്റ്റേഷന്റെ മുൻവശംവരെ വാഹനങ്ങളുടെ നിര നീളാറുണ്ട്. ഈ സമയത്ത് ഇതുവഴി കാൽനട യാത്രപോലും ദു:സഹമാണ്.
പുളിഞ്ചോട് മെട്രോ സ്റ്റേഷനിൽ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പാർക്കുചെയ്യാൻ കൂടുതൽ സൗകര്യം അടിയന്തരമായി ഒരുക്കണം. മെട്രോ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പാർക്കിംഗ് ഏരിയയും വികസിപ്പിക്കണം. കൊച്ചി മെട്രോ അധികൃതർക്ക് ഇതുസംബന്ധിച്ച നിവേദനം നൽകും.
സനീഷ് കളപ്പുരക്കൽ
പൊതുപ്രവർത്തകൻ