ഫൈൻ ആർട്സ് ഹാളിൽ 'ഗുരു' നാടകം
കൊച്ചി: ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും ഇതിവൃത്തമാകുന്ന നാടകം 'ഗുരു' ഇന്ന് വൈകിട്ട് 6.30ന് എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ അരങ്ങേറും. വിവിധ സാഹിത്യശാഖകൾക്കും സിനിമ, ഡോക്യുമെന്ററികൾക്കും പലകുറി വിഷയീഭവിച്ചിട്ടുള്ള ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം ആദ്യമായാണ് നാടകരൂപത്തിൽ അരങ്ങിലെത്തുന്നത്.
38 വർഷം മുൻപ് എഴുതിയ സ്വന്തം കവിതയുടെ തുടർച്ചയായി കവി കെ. സച്ചിദാനന്ദനാണ്, ദാർശനീകനായ ഗുരുവിന്റെ ചിന്താപരിണാമത്തിന് ദൃശ്യഭാഷ്യം രചിച്ചിരിക്കുന്നത്. ഗുരുവിന്റെ കൃതികൾക്കൊപ്പം മറ്റു പ്രമുഖ കവികൾ ഗുരുവിനെക്കുറിച്ച് എഴുതിയ കവിതകളുടെ സാരാംശവും സച്ചിതാദന്ദൻ നാടക രചനയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. ഗുരുവിന്റെ പരിനിർവാണ ശതാബ്ദി ആചരണവേളയിൽ അദ്ദേഹത്തിന്റെ സങ്കല്പങ്ങൾ വീണ്ടെടുക്കുകയാണ് നാടകത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ജാതിമത ഭേദങ്ങളെ അംഗീകരിക്കാത്ത ശ്രീനാരായണൻ ആണ് നാടകത്തിന്റെ കേന്ദ്ര കഥാപാത്രം. നിരവധി നാടകങ്ങളുടെ സംവിധായകനായ ഡോ.എം.പ്രദീപൻ സംവിധാനം നിർവഹിച്ചിട്ടുള്ള നാടകത്തിൽ 10 മുതൽ 80 വയസുവരെയുള്ളവർ അഭിനയിക്കുന്നു. ഗുരുവിന്റെ വിവിധ കാലഘട്ടങ്ങൾ നാലുപേർ ചേർന്ന് ജീവൻ പകരുന്നു. ചാലക്കുടി പുഴയുടെ തീരത്തെ പ്രകൃതിഗ്രാമമായ മൂഴിക്കുളം ശാലയാണ് നാടകം അവതരിപ്പിക്കുന്നത്. 'ലോക്കൽ ഈസ് ഔവർ ഫ്യൂച്ചർ' ഫെസ്റ്റിവലിന്റെ ഭാഗമായി മൂഴിക്കുളം ശാലയിൽ ഒക്ടോബർ 7ന് ആദ്യാവതരണം നടന്നു.