'പാലക്കാട് തന്നെയുണ്ടാകും, വരും ദിവസങ്ങളില്‍ അത് എല്ലാവര്‍ക്കും മനസ്സിലാകും'

Thursday 11 December 2025 7:45 PM IST

രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യുന്നു | ഫോട്ടോ: പി.എസ് മനോജ്, കേരളകൗമുദി

പാലക്കാട്: ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസിനെ വെട്ടിച്ച് മുങ്ങിയ രാഹുല്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ സ്വീകരിച്ച് കോണ്‍ഗ്രസുകാര്‍. പൂച്ചെണ്ട് നല്‍കിയാണ് കോണ്‍ഗ്രസുകാര്‍ സ്വീകരിച്ചതെങ്കില്‍ സ്ഥലം എംഎല്‍എയെ സിപിഎമ്മുകാര്‍ വരവേറ്റത് കൂകി വിളിച്ചാണ്. ലൈംഗിക പീഡനത്തില്‍ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ പാലക്കാട് നിന്ന് മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലാണ് എംഎല്‍എ വോട്ട് ചെയ്യാന്‍ എത്തിയത്.

തനിക്കെതിരേ പറഞ്ഞതും തനിക്ക് അനുകൂലമായി പറഞ്ഞതും കോടതിയുടെ മുന്‍പാകെയുണ്ടെന്നും കോടതി തീരുമാനിക്കട്ടേയെന്നും രാഹുല്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍, ഒളിവില്‍ പോയതു സംബന്ധിച്ച ചോദ്യത്തോട് മറുപടി പറയാന്‍ മാങ്കൂട്ടത്തില്‍ തയ്യാറായില്ല. തനിക്ക് പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്നും സത്യം ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ജനാധിപത്യരാജ്യമെന്ന നിലയില്‍ തനിക്കെതിരേയുള്ള കാര്യങ്ങളും കോടതിയില്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിനപ്പുറം ഒന്നും പറയാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ താന്‍ പാലക്കാട് തന്നെയുണ്ടാകുമെന്നും എല്ലാവര്‍ക്കും അത് നേരില്‍ മനസ്സിലാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. നിലവില്‍ രണ്ട് കേസുകളാണ് രാഹുലിനെതിരെയുള്ളത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നതാണ് ഒന്നാമത്തേത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നതാണ് രണ്ടാമത്തേത്.

ഒരു കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ രണ്ടാമത്തെ കേസില്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. രാഹുലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ദിവസം തന്നെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.