ജീവനൊടുക്കുമെന്ന് അറിയിച്ച് സുഹൃത്തിന് വീഡിയോ കോൾ; യുവാവിന് രക്ഷകരായി കേരള പൊലീസ്

Thursday 11 December 2025 8:19 PM IST

തലശ്ശേരി: സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് ജീവനൊടുക്കുമെന്ന് അറിയിച്ച യുവാവിനെ പൊലീസ് സംഘം ഇടപെട്ട് രക്ഷിച്ചു. ഇന്നലെ രാത്രി പത്തരയോടെ തലശ്ശേരി ചിറക്കരയിലാണ് സംഭവം. തലശ്ശേരി പൊലീസാണ് സുഹൃത്ത് അറിയിച്ചതിനെ തുടർന്ന് യുവാവിനെ രക്ഷിച്ചത്.

ചിറക്കരയിലെ വീട്ടിലെത്തിയ പൊലീസ് സംഘം ഫാനിൽ കെട്ടിത്തൂങ്ങാൻ ഒരുങ്ങിനിൽക്കുകയായിരുന്ന യുവാവിനെ പിന്തിരിപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ലഹരിക്ക് അടിമയായതിനെ തുടർന്നാണ് ഇയാൾ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പൊലീസിന്റെ പെട്ടെന്നുള്ള ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ജീവനൊടുക്കുമെന്ന് യുവാവ് വീഡിയോ കോളിലൂടെ അറിയിച്ച ഉടൻ തന്നെ സമ്മർദ്ദത്തിലായ സുഹൃത്ത് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമല്ലാത്തതിനാൽ ലഹരി വിമുക്ത ചികിത്സ ലഭ്യമാക്കാൻ ഉടനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

എസ്ഐമാരായ ഷമീൽ, അശ്വതി കുന്നോത്ത്,​ സീനിയർ സിവിൽ പൊലീസ് ഓഫീസർ നിതീഷ്, ലിജീഷ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിന്റെ ജീവൻ രക്ഷിച്ച ദൗത്യത്തിൽ പങ്കാളികളായത്.