അടിച്ച് തകര്‍ത്ത് ക്വിന്റണ്‍ ഡി കോക്ക്; രണ്ടാം ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍
ന്യൂ ചണ്ഡീഗഡ്: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് അടിച്ചെടുത്തത്. 46 പന്തുകളില്‍ നിന്ന് ഏഴ് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും സഹിതം 90 റണ്‍സ് നേടിയ ഓപ്പണിംഗ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക് ആണ് പ്രോട്ടീസ് നിരയിലെ ടോപ് സ്‌കോറര്‍. വരുണ്‍ ചക്രവര്‍ത്തി ഒഴികെയുള്ള എല്ലാ ബൗളര്‍മാരും കണക്കിന് തല്ല് വാങ്ങിക്കൂട്ടി.
റീസ ഹെന്‍ഡ്രിക്‌സ് 8(10) ആണ് ആദ്യം പുറത്തായത്. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഹെന്‍ഡ്രിക്‌സ് ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 29(26) ആണ് പിന്നീട് പുറത്തായത്. സെഞ്ച്വറിക്ക് പത്ത് റണ്‍സ് മാത്രം അകലെ ദൗര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍ പിടികൂടിയതാണ് ഡി കോക്കിന് തിരിച്ചടിയായത്. ഡിവാള്‍ഡ് ബ്രെവിസ് 14(10) അക്‌സര്‍ പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
ഡൊണോവാന്‍ ഫെറാറിയ 30*(16), ഡേവിഡ് മില്ലര്‍ 20*(12) എന്നിവര്‍ അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്തി. പുറത്താകാതെ നിന്ന് ഇരുവരും ചേര്‍ന്ന് നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമാണ് അടിച്ചെടുത്തത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ വെറും 29 റണ്‍സ് മാത്രമാണ് സ്പിന്നര്‍ വഴങ്ങിയത്. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി. പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുംറയും (നാലോവറില്‍ 45 റണ്‍സ്) അര്‍ഷ്ദീപ് സിംഗും (നാലോവറില്‍ 54 റണ്‍സ്) വാരിക്കോരിയാണ് റണ്‍സ് വഴങ്ങിയത്.