'പീഡകർക്ക് വേണ്ടി ജയ് വിളിക്കുന്നവരെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്'; ഭാഗ്യലക്ഷ്‌മി

Thursday 11 December 2025 9:05 PM IST

തിരുവനന്തപുരം: പീഡകർക്ക് വേണ്ടി ജയ് വിളിക്കുന്നവരെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നതെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്‌മി അഭിപ്രായം പങ്കുവച്ചത്. പീഡകനെ താങ്ങുന്ന കൊല‌സ്‌ത്രീകളെ കാണുമ്പോൾ അറപ്പ് മാത്രമെ തോന്നുന്നുള്ളുവെന്നും എന്നാലും അതിജീവിതയ്‌ക്കൊപ്പമെന്ന ഡയലോഗ് കോമഡിയാണെന്നും ഭാഗ്യ ലക്ഷ്മി കുറിച്ചു.

'പീഡകന് വേണ്ടി ജയ് വിളിക്കുന്ന കുറെ എണ്ണങ്ങളെ കാണുമ്പോ പുച്ഛവും അതിനപ്പുറം പീഡകനെ താങ്ങുന്ന കൊല സ്‌ത്രീകളെ കാണുമ്പോ അറപ്പു മാത്രേ ഉള്ളൂ. കൂട്ടത്തിൽ ലാസ്റ്റ് കോമഡി. എന്നാലും അതിജീവിതയ്‌ക്കൊപ്പം എന്ന ഡയലോഗ്'- ഭാഗ്യ ലക്ഷ്‌മി കുറിച്ചു.

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ പിന്തുണച്ചുകൊണ്ട് പല ഘട്ടങ്ങളിലും ഭാഗ്യലക്ഷ്മി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിചാരണ കോടതിയുടെ വിധി പുറത്ത് വന്നതിന് പിന്നാലെയും ഭാഗ്യലക്ഷ്‌മി അതിജീവിതയ്‌ക്ക് പിന്തുണ അറിയിച്ചിരുന്നു. കേസിൽ എട്ടാം പ്രതിയായ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ അയാളെ ഫെഫ്‌കയിലേക്ക് തിരിച്ചെടുക്കാൻ നടത്തിയ നീക്കത്തിൽ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്‌മി ഫെഫ്കയിൽ നിന്ന് രാജി വച്ചിരുന്നു. അവൾക്കൊപ്പം എന്ന് പറഞ്ഞ ശേഷം അവനൊപ്പം നിൽക്കുന്ന ഫെഫ്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് മാദ്ധ്യമങ്ങൾക്കുമുന്നിൽ തുറന്നടിച്ചുകൊണ്ടായിരുന്നു ഭാഗ്യലക്ഷ്‌മിയുടെ രാജി. കേസിലുണ്ടായിരിക്കുന്നത് അന്തിമ വിധിയല്ലെന്നും മേൽക്കോടതികളിലേക്ക് അപ്പീൽ പോകുമെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞിരുന്നു. എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണെന്നും ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും ഭാഗ്യലക്ഷ്‌മി വ്യക്തമാക്കിയിരുന്നു.