ഈ കടയിൽ ആൺകുട്ടികളെ അടുപ്പിക്കില്ല, പ്രവേശനം സ്ത്രീകൾക്ക് മാത്രം; വീഡിയോ

Thursday 11 December 2025 10:02 PM IST

ന്യൂഡൽഹി: ആൺകുട്ടികൾക്ക് പ്രവേശനമില്ലാത്ത കടയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എങ്കിലിതാ ഡൽഹിയിലെ തെരുവിൽ അങ്ങനെയൊരു കടയുണ്ട്! പാനിപ്പൂരി വിൽക്കുന്ന ഈ സ്റ്റാളിന് മുന്നിൽ തൂക്കിയിട്ടുള്ള ബോർഡാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. പെൺകുട്ടികൾ മാത്രം തിങ്ങിനിറഞ്ഞ സ്റ്റാളിന്റെ വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

വീഡിയോയിൽ ധാരാളം സ്ത്രീകളും പെൺകുട്ടികളും പാനിപ്പൂരി കഴിക്കാനായി സ്റ്റാളിന് ചുറ്റും കൂടി നിൽക്കുന്നത് കാണാം. കടയുടെ മുന്നിൽ 'ബോയ്സ് നോട്ട് അലൗഡ്' എന്ന ബോർഡ് വളരെ വ്യക്തമായി സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാൾ ഉടമയെ ചൂണ്ടി രണ്ട് പെൺകുട്ടികൾ തമാശയായി സംസാരിക്കുന്നുമുണ്ട്: 'അങ്കിൾ ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് എത്രമാത്രം ബോധവാനാണ്! ചെക്കന്മാരെ നിങ്ങൾക്കെതിരെ വലിയ വിവേചനമാണ് ഇവിടെ നടക്കുന്നത്,' എന്ന് പറഞ്ഞുകൊണ്ട് പെൺകുട്ടികൾ ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

ദൃശ്യങ്ങൾ വൈറലായതോടെ രസകരമായ ഒട്ടേറെ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 'ഇതൊരു കിടിലൻ മാർക്കറ്റിംഗ് തന്ത്രമാണ്. ലിംഗവിവേചനത്തിന് ആൺകുട്ടികൾ കോടതിയിൽ ഹർജി നൽകുമോ ആവോ?' ഒരാൾ പരിഹാസരൂപേണ കമന്റ് ചെയ്തു. 'ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ ഇത്തരം നെഗറ്റീവ്, പോസിറ്റീവ് ലെവൽ ക്രിയേറ്റിവിറ്റി'. മറ്റൊരാൾ അഭിപ്രായപ്പെട്ടു.