റെക്കാഡ് താഴ്ചയിൽ രൂപ

Friday 12 December 2025 12:38 AM IST

കൊച്ചി: അമേരിക്കയും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവക്കുന്നതിലെ അനിശ്ചിതത്വവും ധന വിപണിയിലെ പ്രതിസന്ധികളും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കാഡ് തകർച്ച സൃഷ്‌ടിച്ചു. അമേരിക്കയിൽ പലിശ കുറഞ്ഞതോടെ വിദേശ നിക്ഷേപ ഒഴുക്ക് കൂടുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും കയറ്റുമതിക്കാർ ഡോളർ വാങ്ങാൻ രംഗത്തെത്തിയതാണ് രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 39 പൈസ നഷ്‌ടത്തോടെ 90.33ൽ വ്യാപാരം അവസാനിച്ചു.

ഓഹരിയിൽ മുന്നേറ്റം

ഫെഡറൽ റിസർവ് തീരുമാനം വിദേശ ഫണ്ടുകളുടെ പണമൊഴുക്കിന് വേഗത കൂട്ടുമെന്ന പ്രതീക്ഷയിൽ ഓഹരി വിപണി കുതിച്ചുയർന്നു. അടുത്ത വർഷം പലിശ കാൽ ശതമാനം കൂടി കുറച്ചേക്കുമെന്നും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ സൂചന നൽകിയതും ആവേശമായി. മുഖ്യ സൂചികയായ സെൻസെക്‌സ് 427 പോയിന്റ് നേട്ടത്തോടെ 84,818.13ൽ അവസാനിച്ചു. നിഫ്റ്റി 50 സൂചിക 141 പോയിന്റ് ഉയർന്ന് 25,898.55ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. ബോംബെ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഇന്നലെ 2.6 ലക്ഷം കോടി രൂപ വർദ്ധിച്ച് 466.6 ലക്ഷം കോടി രൂപയിലെത്തി. എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് വിപണിക്ക് കരുത്ത് പകർന്നത്.