ആവേശത്തോടെ ചെറുകിട നിക്ഷേപകർ
നവംബറിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപം 29,911 കോടി രൂപ
കൊച്ചി: രാജ്യത്തെ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം നവംബറിൽ 21.2 ശതമാനം ഉയർന്ന് 29,911 കോടി രൂപയിലെത്തി. ഒക്ടോബറിൽ 24,690 കോടി രൂപയുടെ നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകളിൽ ലഭിച്ചത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് നവംബറിൽ പ്രതിമാസ സിസ്‌റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലെത്തിയ(എസ്.ഐ.പി) തുക 0.28 ശതമാനം കുറഞ്ഞ് 29,445 കോടി രൂപയായി. ലാർജ് ക്യാപ്പ് വിഭാഗത്തിലെ നിക്ഷേപം 68.7 ശതമാനം ഉയർന്ന് 1,640 കോടി രൂപയിലെത്തി. മിഡ് ക്യാപ്പ് കാറ്റഗറിയിലെ നിക്ഷേപം 17.9 ശതമാനം വർദ്ധിച്ച് 4,487 കോടി രൂപയായി. സ്‌മാൾ ക്യാപ്പ് സെഗ്‌മെന്റിൽ 4,407 കോടി രൂപയും ലഭിച്ചു.
അതേസമയം കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ഉപഭോക്താക്കൾ നവംബറിൽ 25,692 കോടി രൂപയാണ് പിൻവലിച്ചത്. ഒക്ടോബറിൽ 1.59 ലക്ഷം കോടി രൂപയുടെ നിക്ഷേപം കടപ്പത്ര മ്യൂച്വൽ ഫണ്ടുകളിലെത്തിയിരുന്നു. ഹൈബ്രിഡ് ഫണ്ടുകളിലെ നിക്ഷേപം ആറ് ശതമാനം കുറഞ്ഞ് 13,299 കോടി രൂപയിലെത്തി.
സ്വർണ ഇ.ടി.എഫുകൾക്ക് പ്രിയം കുറയുന്നു
സ്വർണ എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ(ഇ.ടി.എഫ്) നിക്ഷേപം നവംബറിൽ 3,742 കോടി രൂപയായി കുറഞ്ഞു. ഒക്ടോബറിൽ 7,743 കോടി രൂപയുടെ നിക്ഷേപം സ്വർണ ഇ.ടി.എഫുകളിൽ ലഭിച്ചിരുന്നു. മൊത്തം ഇ.ടി.എഫുകളിലെ നിക്ഷേപം കഴിഞ്ഞ മാസം 9,721 കോടി രൂപയായി ഉയർന്നു. ഒക്ടോബറിലിത് 6,182 കോടി രൂപയായിരുന്നു.
മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി
80.5 ലക്ഷം കോടി രൂപ
ഓഹരി മ്യൂച്വൽ ഫണ്ടുകളുടെ ആസ്തി
35.66 ലക്ഷം കോടി രൂപ