ആഗോള തീരുവ യുദ്ധം വ്യാപിക്കുന്നു
ഏഷ്യൻ ഉത്പന്നങ്ങൾക്ക് മെക്‌സികോയുടെ 50 ശതമാനം തീരുവ
കൊച്ചി: ഇന്ത്യയും ചൈനയും അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തി മെക്സികോ. ആഭ്യന്തര വ്യവസായങ്ങളെയും ഉത്പന്നങ്ങളെയും സംരക്ഷിക്കുന്ന പുതിയ തീരുവ അടുത്ത വർഷം ജനുവരി ഒന്നിന് പ്രാബല്യത്തിലാകും. മെക്സികോയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവക്കാത്ത രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് അധിക തീരുവ ഈടാക്കുന്നത്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തായ്ലൻഡ്, ഇന്തോനേഷ്യ എന്നിവയ്ക്ക് തീരുമാനം തിരിച്ചടിയാകും.
ആഗോള മേഖലയിൽ തീരുവ യുദ്ധം ശക്തമാകുമെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ദ്ധർ പറയുന്നു. യൂറോപ്പിലെയും ലാറ്റിൻ അമേരിക്കയിലെയും വിവിധ രാജ്യങ്ങളും തീരുവ വർദ്ധനയ്ക്ക് തയ്യാറെടുക്കുകയാണ്.
വാഹന ഘടകഭാഗങ്ങൾ, ചെറു കാറുകൾ, വസ്ത്രങ്ങൾ, പ്ളാസ്‌റ്റിക്, സ്റ്റീൽ, ഗാർഹികോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ, തുകൽ ഉത്പന്നങ്ങൾ, പേപ്പർ, മോട്ടോർ സൈക്കിളുകൾ, സോപ്പ്, പെർഫ്യൂമുകൾ തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് അധിക തീരുവ.
ചൈനയ്ക്ക് കനത്ത തിരിച്ചടി
ചൈനയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ ആശ്രയത്വം കുറയ്ക്കാനാണ് മെക്‌സികോ ലക്ഷ്യമിടുന്നത്. ചൈനയുമായി മെക്‌സികോയ്ക്ക് വലിയ വ്യാപാര അസന്തുലിതാവസ്ഥയുണ്ട് . പ്രതിവർഷം 13,000 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ചൈനയിൽ നിന്ന് വാങ്ങുന്നത്. പുതിയ തീരുവയിലൂടെ 380 കോടി ഡോളറിന്റെ അധിക വരുമാനമുണ്ടാകും.
ഇന്ത്യൻ കയറ്റുമതിയെയും ബാധിക്കും
പുതിയ തീരുവ ഇന്ത്യൻ വാഹന നിർമ്മാതാക്കൾക്ക് കനത്ത തിരിച്ചടിയാകും. വോക്സ്‌വാഗൺ, ഹ്യുണ്ടായ്, മാരുതി സുസുക്കി, നിസാൻ എന്നിവ പ്രതിവർഷം 100 കോടി ഡോളറിന്റെ വാഹനങ്ങളാണ് മെക്സികോയിലേക്ക് കയറ്റി അയക്കുന്നത്. ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയരുന്നതോടെ ഇവരുടെ മത്സരക്ഷമത ഗണ്യമായി കുറയും. ദക്ഷിണ ആഫ്രിക്കയും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വാഹന വിപണിയാണ് മെക്സികോ.
ഇന്ത്യയുടെ കയറ്റുമതി ഉത്പന്നങ്ങൾ
മെഷിനറി, കാറുകൾ, വാഹന ഘടക ഭാഗങ്ങൾ, തുണിത്തരങ്ങൾ, മരുന്നുകൾ, കെമിക്കലുകൾ
മെക്‌സികോയിലേക്ക് ഇന്ത്യൻ കാർ കമ്പനികളുടെ കയറ്റുമതി
100 കോടി ഡോളർ