അനാവശ്യ പരീക്ഷണം വിനയായി; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ തോല്‍വി വഴങ്ങി ഇന്ത്യ

Thursday 11 December 2025 10:51 PM IST

ന്യൂ ചണ്ഡീഗഡ്: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 19.1 ഓവറില്‍ 162 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 51 റണ്‍സിനായിരുന്നു പ്രോട്ടീസിന്റെ വിജയം. 34 പന്തുകളില്‍ നിന്ന് 62 റണ്‍സ് നേടിയ തിലക് വര്‍മ്മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഒട്ട്‌നീല്‍ ബാര്‍ട്മാന്‍ ആണ് കളിയിലെ താരം.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. വൈസ് ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 0(1) ആണ് ആദ്യം പുറത്തായത്. അഭിഷേക് ശര്‍മ്മ 17(8), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 5(4) എന്നിവരുടെ വിക്കറ്റുകള്‍ വീണപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 32-3. മൂന്നാം നമ്പറില്‍ അനാവശ്യ പരീക്ഷണം നടത്തി അക്‌സര്‍ പട്ടേലിന് സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ റണ്‍ചേസിന്റെ താളം തെറ്റി. 21 പന്തുകളില്‍ നിന്ന് 21 റണ്‍സ് മാത്രം നേടി താരം പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 20(23) റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതും കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് തിരിച്ചടിയായി. ജിതേഷ് ശര്‍മ്മ 27(17) റണ്‍സ് നേടി ആറാമനായി മടങ്ങിയപ്പോള്‍ ശിവം ദൂബെ 1(2) വന്നതുപോലെ മടങ്ങി. അര്‍ഷ്ദീപ് സിംഗ് 4(3), വരുണ്‍ ചക്രവര്‍ത്തി 0(2) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് അടിച്ചെടുത്തത്. 46 പന്തുകളില്‍ നിന്ന് ഏഴ് സിക്സറുകളും അഞ്ച് ബൗണ്ടറികളും സഹിതം 90 റണ്‍സ് നേടിയ ഓപ്പണിംഗ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക് ആണ് പ്രോട്ടീസ് നിരയിലെ ടോപ് സ്‌കോറര്‍. വരുണ്‍ ചക്രവര്‍ത്തി ഒഴികെയുള്ള എല്ലാ ബൗളര്‍മാരും കണക്കിന് തല്ല വാങ്ങിക്കൂട്ടി.

റീസ ഹെന്‍ഡ്രിക്സ് 8(10) ആണ് ആദ്യം പുറത്തായത്. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഹെന്‍ഡ്രിക്സ് ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 29(26) ആണ് പിന്നീട് പുറത്തായത്. സെഞ്ച്വറിക്ക് പത്ത് റണ്‍സ് മാത്രം അകലെ ദൗര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍ പിടികൂടിയതാണ് ഡി കോക്കിന് തിരിച്ചടിയായത്. ഡിവാള്‍ഡ് ബ്രെവിസ് 14(10) അക്സര്‍ പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ഡൊണോവാന്‍ ഫെറാറിയ 30*(16), ഡേവിഡ് മില്ലര്‍ 20*(12) എന്നിവര്‍ അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്തി. പുറത്താകാതെ നിന്ന് ഇരുവരും ചേര്‍ന്ന് നാല് സിക്സറുകളും മൂന്ന് ബൗണ്ടറികളുമാണ് അടിച്ചെടുത്തത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ വെറും 29 റണ്‍സ് മാത്രമാണ് സ്പിന്നര്‍ വഴങ്ങിയത്. അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി.