മെസിയുമൊത്ത് ഫോട്ടോയെടുക്കാം,​ ഡിന്ന‍ർ കഴിക്കാം,​ ചെയ്യേണ്ടത് ഇത്രമാത്രം

Thursday 11 December 2025 10:59 PM IST

ഹൈദരാബാദ് : അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ശനിയാഴ്ചയാണ് ഇന്ത്യയിൽ എത്തുന്നത്. . കൊൽക്കത്തയിലും ഹൈദരാബാദിലും ഡൽഹിയിലും മുംബയിലുമായി വിവിധ പരിപാടികളിൾ മെസി പങ്കെടുക്കും. 113ന് കൊൽക്കത്തയിലെത്തുന്ന മെസി അന്നു വൈകിട്ട് ഹൈദരാബാദ് സന്ദർശിക്കും. 14ന് മുംബയിലും 15ന് ഡൽഹിയിലും സന്ദർശനം നടത്തും. സന്ദർശനത്തിനിടെ പ്രദർശന മത്സരങ്ങളിലും മെസി കളിക്കും.

അതേസമയം മെസി ആരാധകർക്ക് ഇതിഹാസ താരത്തിനെ നേരിൽ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള അവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഇതിനായി വിവിധ പാക്കേജുകളാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. 13ന് വൈകിട്ട് ഹൈദരാബാദിലെത്തുന്ന മെസിക്കൊപ്പം ഫോട്ടോ എടുക്കാൻ ഒരാൾ 10 ലക്ഷം രൂപയും ജി.എസ്.ടിയുമാണ് ചെലവഴിക്കേണ്ടത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ഇതിനവസരം. ഫോട്ടോയ്ക്കൊപ്പം മെസിയുടെ കൈയൊപ്പുള്ള അർജന്റീനയുടെ ജഴ്സിയും ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർ മെസിയുമായി കൂടിക്കാഴ്ച നടത്തുന്നതും മെസി പെനാൽറ്റി കിക്കെടുക്കുന്നത് നേരിൽ കാണാനും അവസരം ലഭിക്കും. അത്താഴവിരുന്നിലും പങ്കെടുക്കാം.

12.50 ലക്ഷം രൂപയും ജി.എസ്.ടിയും മുടക്കിയാൽ ഒരാൾക്കും അയാളുടെ കുട്ടിക്കും മെസിയെ ഒറ്റയ്ക്ക് കാണാനുള്ള അവസരം ലഭിക്കും. ആർക്കെങ്കിലും ഒരാൾക്ക് മെസിയോടൊപ്പം ഫോട്ടോ എടുക്കാം. രണ്ടു പേർക്കും മെസി ഒപ്പിട്ട അർജന്റീന ജഴ്സി ലഭിക്കും. മെസിയുടെ പെനാൽറ്റി കിക്ക് കാണാനും അത്താഴ വിരുന്നിൽ പങ്കെടുക്കാനും അവസരമുണ്ടാകും.

ഫാമിലി പാക്കേജിന് 25 ലക്ഷം രൂപയും ജി.എസ്.ടിയുമാണ്. ഈ പാക്കേജിൽ രണ്ടു പേർക്ക് ഫോട്ടോയെടുക്കാനാവും. രണ്ട് പേർക്ക് മെസിയുടെ ഒപ്പോടെയുള്ള ജഴ്സിയും നാലുപേർക്ക് പെനാൽറ്റി കിക്ക് എടുക്കുന്നത് കാണാനും അത്താഴ വിരുന്നിൽ പങ്കെടുക്കാനും അവസരമുണ്ടാകും. കോർപ്പറേറ്റ് പാക്കേജിൽ 95 ലക്ഷം രൂപയും ജി.എസ്.ടിയും മുടക്കിയാൽ കോ‌ർപ്പറേറ്റ് തലത്തിലുള്ള ആദരം,​ മെസിയിൽ നിന്ന് മെമന്റോ വാങ്ങുന്നതിനുള്ള അവസരം,​ കോർപ്പറേറ്റ് ടീമുകൾക്ക് മെസിക്കൊപ്പം ഫോട്ടോ എടുക്കാനുള്ള അവസരം,​ ടീമംഗങ്ങൾക്ക് മെസി കൈയൊപ്പിട്ട ജഴ്സി എന്നിവയും ലഭിക്കും.