തിരുവാഭരണ പാതയിലെ കോൺക്രീറ്റ് ബെഞ്ചുകൾ നശിപ്പിച്ചു
Friday 12 December 2025 12:03 AM IST
റാന്നി: പന്തളം - ശബരിമല തിരുവാഭരണ പാതയിലെ വൈക്കം കുത്തുകല്ലുംപടി - മന്ദിരം റൂട്ടിൽ തീർത്ഥാടകർക്കും നാട്ടുകാർക്കും വിശ്രമിക്കാനായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബെഞ്ചുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ബെഞ്ചിന്റെ നാല് വശങ്ങളും പൂർണമായും തകർക്കപ്പെട്ട നിലയിലാണ്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്തെത്തി.
റാന്നി ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ബെഞ്ചുകളാണ് നശിപ്പിച്ചത്. നേരത്തെ ഇവിടെ കക്കൂസ് മാലിന്യം തള്ളി കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുത്തിയതിനെ തുടർന്ന് പഞ്ചായത്ത് ക്യാമറകൾ സ്ഥാപിച്ചിരുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല പ്രതിഷേധം അറിയിച്ചു.