പാലക്കാട് ജില്ലയിൽ വോട്ടെടുപ്പ് സമാധാനപരം

Friday 12 December 2025 1:12 AM IST

പാലക്കാട്: ചില്ലറ തർക്കങ്ങളും വാക്കേറ്റങ്ങളും നടന്നതൊഴിച്ചാൽ പാലക്കാട് ജില്ലയിലെ വോട്ടെടുപ്പ് സമാധാനപരം. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ തിരഞ്ഞെടുപ്പിനെ വോട്ടർമാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. പോളിംഗ് ആരംഭിച്ച ഏഴ് മുതൽ പലബൂത്തുകളിലും നീണ്ട നിര അനുഭവപ്പെട്ടു. അത് വോട്ടെടുപ്പ് കഴിയുംവരെ നീണ്ട് നിന്നു. പലയിടത്തും പോളിംംഗ് ബൂത്തുകളിലും രാത്രി വരെ വോട്ടെടുപ്പ് നീണ്ട് നിന്നതായും റിപോർട്ടുണ്ട്. വോട്ടിംഗ് മെഷീന്റെ മന്ദഗതിയിലുള്ള പ്രവർത്തനമാണ് വോട്ടെടുപ്പ് പലയിടത്തും താളം തെറ്റിച്ചതെന്നാണ് ആരോപണം.

കല്ലേക്കാട് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം നടന്നു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയെയും സംഘത്തെയും ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം ഉണ്ടായത്. ഒരാളുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. ഡി.സി.സി സെക്രട്ടറി നന്ദാബാലന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബോർഡ് വെക്കുന്നതുമായി നേരത്തെ തന്നെ പ്രദേശത്ത് തർക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തിൽ കലാശിച്ചത്. രാത്രി സംഘർഷമുണ്ടായപ്പോൾ കോൺഗ്രസ് സംഘം ന്ദാബാലന്റെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ അക്രമി സംഘം വീടിന് നേരെ കല്ലേറ് നടത്തി. ഇതിലാണ് ഒരാളുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ നാലോളം ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കരിമ്പ പഞ്ചായത്തിൽ ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി പരാതി. കരിമ്പ പഞ്ചായത്തിൽ 13ാം ബൂത്തിൽ വോട്ട് ചെയ്ത ലീഗ് പ്രവർത്തകൻ പിന്നീട് 11ാം വാർഡിൽ വോട്ട് ചെയ്യാൻ ശ്രമിച്ചുവെന്നാണ് സി.പി.എം ആരോപണം. സി.പി.എം പ്രവർത്തകർ തടഞ്ഞതിനാൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം പാളുകയായിരുന്നുവെന്ന് സി.പി.എം അറിയിച്ചു. പരാതിയിൽ പൊലീസ് കേസെടുത്തു. വോട്ട് ചെയ്യാനെത്തുന്നവർക്ക് യു.ഡി.എഫ് സ്ഥാനാർത്ഥി പണം നൽകിയതായി സി.പി.എം ആരോപിച്ചു. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ വാർഡ് 12 മംഗലാംകുന്നിലാണ് സംഭവം. യു.ഡി.എഫ് സ്ഥാനാർത്ഥി രാമകൃഷ്ണനാണ് പണം നൽകിയത്. മംഗലാംകുന്ന് സർവീസ് സഹകരണ ബേങ്കിന് സമീപത്തുള്ള കോൺഗ്രസിന്റെ ബൂത്ത് ഓഫീസിൽ വെച്ച് കോൺഗ്രസ് സ്ഥാനാർത്ഥി കെ.രാമകൃഷ്ണൻ വോട്ടർമാർക്ക് പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി സി.പി.എം വ്യക്തമാക്കി. പെരുവെമ്പിൽ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഇടതു - വലതു മുന്നണികൾ തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ലാത്തി വീശി.

പട്ടാമ്പി നഗരസഭയിലെ 12ാം വാർഡിലെ കൂൾസിറ്റി ബൂത്തിലാണ് വെൽഫയർ പാർട്ടി പ്രവർത്തകരും മുസ്ലിംലീഗ് പ്രവർത്തകരും തമ്മിൽ തർക്കവും ഉന്തും തള്ളും ഉണ്ടായത്. ഇന്നലെ രാവിലെയാണ് സംഭവം. വെൽഫെയർ പാർട്ടി പ്രവർത്തക ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തർക്കത്തിന് തുടക്കം. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും നേരിയ ഉന്തും തള്ളും ഉണ്ടായി. വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.പി.ഉസ്മാൻ, വെൽഫെയർ പാർട്ടിയുടെ സ്വതന്ത്രനായി കെ.പി.സാജിദ്, സ്വതന്ത്രനായി അബ്ദുൽ കരീം എന്നിവരാണ് മത്സരിച്ചത്. ഇതിൽ വെൽഫെയർ പാർട്ടി നേതാവും മുൻ കൗൺസിലറുമായ വ്യക്തി പോളിംഗ് ബൂത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം ഉയർന്നത്. പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.