മുഖ്യമന്ത്രി സ്വന്തം പീഡനക്കാരെ എണ്ണിനോക്കണം: സതീശൻ

Friday 12 December 2025 12:24 AM IST

കൊച്ചി: ലൈംഗിക അപവാദക്കേസുകളിൽപ്പെട്ട എത്രപേർ സ്വന്തം മന്ത്രിസഭയിലും എം.എൽ.എമാരിലുമുണ്ടെന്ന് എണ്ണി നോക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

സ്ത്രീപീഡന പരാതികളിൽ മുഖ്യമന്ത്രിയുടേത് ഇരട്ടനീതിയാണെന്നും വാർത്താസമ്മേളനത്തിൽ സതീശൻ ആരോപിച്ചു. കോൺഗ്രസിൽ സ്ത്രീലമ്പടന്മാരാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനാണ് പ്രതിപക്ഷ നേതാവിന്റെ തിരിച്ചടി.

മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ നവംബർ 27ന് മുഖ്യമന്ത്രിക്ക് പരാതി കിട്ടിയിട്ടും ഡിസംബർ രണ്ടിനാണ് പൊലീസിന് കൈമാറിയത്. കേസെടുത്തത് ഡിസംബർ എട്ടിനും. 13 ദിവസം പരാതി പൂഴ്‌ത്തി. കോൺഗ്രസ് പുറത്താക്കിയ എം.എൽ.എയ്‌ക്കെതിരെ പരാതി കിട്ടിയയുടൻ പൊലീസിന് കൈമാറി.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യങ്ങൾക്ക് താൻ നൽകിയ പ്രിതികരണങ്ങൾക്ക് നൽകിയ മറുപടിയിൽ സമരങ്ങളോട് പ്രകടിപ്പിച്ച പുച്ഛം അത്ഭുതപ്പെടുത്തി. സമരം നശീകരണമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സമരം ചെയ്യുന്നവരോട് നരേന്ദ്ര മോദി ഉൾപ്പെടെയുള്ള വലതു തീവ്രപക്ഷം സ്വീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കും. 25 വർഷം പിന്നിലാണ് മുഖ്യമന്ത്രിയുടെ മനോഭാവം.

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്‌ക്കൊപ്പമാണ് കോൺഗ്രസും യു.ഡി.എഫും. പകുതി പരാജയപ്പെട്ട കേസായതിനാൽ പ്രോസിക്യൂഷൻ അപ്പീൽ പോകുന്നത് സ്വാഭാവിക നടപടിയാണ്.

പക്ഷേ, അയ്യപ്പന്റെ സ്വർണം കവർന്നയാൾ ഇപ്പോഴും പാർട്ടിക്കാരനാണ്. സി.പി.എം നേതാക്കളുടെ പേര് പറയുമെന്ന ഭയം കൊണ്ടാണ് ജയിലിലായവർക്കെതിരെ നടപടി എടുക്കാത്തതെന്നും സതീശൻ പറഞ്ഞു.