യു.ഡി.എഫ് വേട്ടക്കാർക്കാെപ്പമെന്ന ജീർണിച്ച നിലപാടിൽ : ഗോവിന്ദൻ
കണ്ണൂർ: യു.ഡി.എഫ് യഥാർത്ഥത്തിൽ വേട്ടക്കാർക്കൊപ്പമെന്ന ജീർണിച്ച നിലപാടാണ് സ്വീകരിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും നടിക്കെതിരായ ആക്രമണ കേസിലും കോൺഗ്രസിന്റെ സമീപനം അതിജീവിതകൾക്ക് എതിരാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന രണ്ടാമത്തെ ആക്ഷേപം ബോധപൂർവം ഉണ്ടാക്കിയതാണെന്ന് പറയുന്ന കെ.പി.സി.സി പ്രസിഡന്റ് തന്നെയാണ് പരാതി ഉന്നത പൊലീസ് സംവിധാനത്തിന്റെ മുന്നിൽ എത്തിച്ചത്. ഇപ്പോൾ മാറിനിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുന്ന ജീർണമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
'അതിജീവിതകളുടെ പരാതികളും പീഡനങ്ങളും ഉയർന്നുവരുമ്പോൾ വേട്ടക്കാരെ സാധൂകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ' ദിലീപിന്റെ കാര്യത്തിൽ അടൂർ പ്രകാശ് തിരുത്തിയെങ്കിലും ആ തിരുത്തൽ ശരിയാകുന്നില്ലെന്നുള്ളതാണ് യു.ഡി.എഫ് കൺവീനറുടെയും കോൺഗ്രസിന്റെയും നിലപാടുകൾ വ്യക്തമാക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പിഐയുടെയും പൂർണ പിന്തുണയോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതെന്ന് ഗോവിന്ദൻ ആരോപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഈ കൂട്ടുകെട്ട് ശക്തമായി രൂപപ്പെട്ടത്. നൂറുകണക്കിന് സീറ്റുകളിൽ യു.ഡി.എഫും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് മത്സരിക്കുകയാണ്. ബി.ജെ.പി ഭൂരിപക്ഷ വർഗീയത കൈകാര്യം ചെയ്യുമ്പോൾ ലീഗും കോൺഗ്രസും ന്യൂനപക്ഷ വർഗീയത കൈകാര്യം ചെയ്യുന്നു. കേരളത്തിൽ ഇടത് തരംഗമാണെന്നും ചരിത്ര വിജയം നേടുമെന്നും അവകാശപ്പെട്ടു.