അതിരാവിലെ ആവേശത്തോടെ
കോഴിക്കോട്: വെയിൽ കനക്കും മുമ്പ് വോട്ട് ചെയ്ത് മടങ്ങുകയെന്ന ലക്ഷ്യത്തോടെ അതിരാവിലെ തന്നെ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി. മോക്ക് പോളിന് ശേഷം ഏഴ് മണിയോടെ വോട്ടിംഗ് ആരംഭിച്ചു. പലരും നേരത്തെ എത്തിയതിനാൽ എട്ടരയോടെ തിരക്ക് കുറഞ്ഞു. സ്ത്രീകളാണ് കൂടുതലായും രാവിലെ എത്തി വോട്ട് ചെയ്ത് മടങ്ങിയത്. ഉച്ചനേരത്ത് പോളിംഗ് അൽപം മന്ദഗതിയിലായെങ്കിലും വൈകിട്ടോടെ വീണ്ടും തിരക്ക് കൂടി. ഗ്രാമപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമാണ് രാവിലെ നീണ്ടനിര കാണാനായത്. ഓപ്പൺ വോട്ട് ചെയ്യാനെത്തിയവരുടെ നിരയും പല ബൂത്തുകളിലും കാണാൻ കഴിഞ്ഞു. വരിയിൽ നിൽക്കുന്നവരിൽ രണ്ടുപേർ വോട്ട് ചെയ്ത് കഴിഞ്ഞാൽ ഓപ്പൺ വോട്ടുകാരെ പരിഗണിക്കുകയാണ് ചെയ്തത്. ഓപ്പൺ വോട്ടുകാരെ കൂടുതൽ സമയം കാത്തുനിർത്തിയതിന്റെ പേരിൽ പോളിംഗ് ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടി പ്രവർത്തകരും തമ്മിൽ പലയിടത്തും കശപിശയുണ്ടായി. പോളിംഗ് കേന്ദ്രങ്ങളിൽ വോട്ടർമാർക്ക് ഇരിപ്പിടങ്ങളും കുടിവെള്ളവും സജ്ജീകരിച്ചിരുന്നു. പ്രായമായവർ, ഗർഭിണികൾ, അസുഖമുള്ളവർ തുടങ്ങിയവരെ വരിയിൽ നിർത്തിക്കാതെ വോട്ട് ചെയ്യാനുള്ള സംവിധാനമുണ്ടായിരുന്നു. വടകര, മുക്കം, കൊടുവള്ളി, രാമനാട്ടുകര എന്നിവിടങ്ങളിലെല്ലാം ഉച്ചയോടെ പോളിംഗ് ശതമാനം 50 കടന്നിരുന്നു.