വെളുപ്പിനെത്തിയിട്ടും വെളുക്കൻ മടങ്ങി വോട്ടുചെയ്യാനാവാതെ
Friday 12 December 2025 12:41 AM IST
വിലങ്ങാട്: വിലങ്ങാട് അടുപ്പിൽ ഉന്നതിയിലെ വെളുക്കന് (58) ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. പട്ടികയിൽ പേരില്ലാത്തതാണ് കാരണം. വെളുക്കന്റെ ഭാര്യ ചന്ന (40) വോട്ടുചെയ്തു. വോട്ടർ ഐ.ഡി ഉണ്ടായിട്ടും വിലങ്ങാട് അടുപ്പിൽ ഉന്നതിയിലെ ആദിവാസി ഊരുകളിലെ നിരവധി പേരാണ് ഇത്തവണ പട്ടികയിൽ നിന്ന് പുറത്തായത്. കഴിഞ്ഞ പാർലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇവർക്കെല്ലാം വോട്ടുണ്ടായിരുന്നു. അതിരാവിലെ തന്നെ ദൂരം താണ്ടി പോളിംഗ് ബൂത്തിലെത്തി വരിയിൽ ഊഴം കാത്തുനിന്ന ശേഷമാണ് തങ്ങൾക്ക് വോട്ടില്ലെന്ന കാര്യം ഇവരറിയുന്നത്. വിലങ്ങാട്ടെ മറ്റ് ആദിവാസി ഉന്നതികളിലെയും സ്ഥിതി വിഭിന്നമല്ല.