വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ
# 20 കേന്ദ്രങ്ങൾ
കോഴിക്കോട്: ജില്ലയിലെ വോട്ടെണ്ണൽ നാളെ 20 കേന്ദ്രങ്ങളിൽ നടക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.
രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളെണ്ണും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റൽ ബാലറ്റുകൾ അതത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വരണാധികാരികളുടെ ടേബിളിൽ എണ്ണും. ജില്ലാപഞ്ചായത്തിലേക്കുള്ളവ കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് ഹാളിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ എണ്ണും.
തുടർന്ന് മെഷീനുകളിലെ വോട്ടുകളെണ്ണും. മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്‌ട്രോംഗ് റൂമുകളിൽനിന്ന് ടേബിളുകളിലെത്തിക്കുക. വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിലായിരിക്കും. സ്ഥാനാർത്ഥിയുടെയോ കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിലാണ് വോട്ടെണ്ണുക. ടേബിളിൾ വെക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്‌പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർത്ഥികളുടെയോ കൗണ്ടിംഗ്, ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ ഉറപ്പാക്കും.
കൺട്രോൾ യൂണിറ്റിൽനിന്ന് ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് സ്ഥാനാർതകളുടെയും വോട്ടുവിവരം കിട്ടും. ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം അപ്പോൾത്തന്നെ കൗണ്ടിംഗ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെയും വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണിത്തീരുമ്പോൾ വോട്ടുനില ട്രെൻഡ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാനാകും.