ദേശീയപാത ഉയരപ്പാത: മൂന്നിടങ്ങളിൽ വിദഗ്ദ്ധ പരിശോധന വേണമെന്ന് റിപ്പോർട്ട്

Friday 12 December 2025 12:06 AM IST

കൊല്ലം: ദേശീയപാത 66 വികസനത്തിൽ കടവൂർ, മേവറം, പറക്കുളം എന്നിവിടങ്ങളിൽ വിദഗ്ദ്ധ പരിശോധന വേണമെന്ന്, മൈലക്കാട് ഉയരപ്പാത തകർന്നതിന് പിന്നാലെ കളക്ടർ നിയോഗിച്ച മൂന്നംഗ സംഘത്തിന്റെ റിപ്പോർട്ട്. മൂന്നിടങ്ങളിലും വെള്ളക്കെട്ടിന് സാദ്ധ്യതയുണ്ടെന്ന് സ്ഥിരീകരിച്ച സംഘം ഇവിടങ്ങളിലെ മണ്ണിന്റെ ബലം, നിലവിലെ ഉയരപ്പാത സുരക്ഷിതമാണോ, വയഡക്ട് അനിവാര്യമാണോ എന്നിവ ശാസ്ത്രീയമായി പരിശോധിക്കണമെന്നും ശുപാർശ ചെയ്തു.

കൊട്ടിയത്തെ മിനി ഫ്ലൈ ഓവറിന്റെ അപ്രോച്ച് റോഡായ ഉയരപ്പാത പറക്കുളം വരെയുണ്ട്. മേവറം ജംഗ്ഷനിൽ ഒറ്റ സ്പാൻ ഫ്ലൈ ഓവറിനും കടവൂരിലെ അടിപ്പാതയ്ക്കും അപ്രോച്ച് ഉയരപ്പാതയുണ്ട്. കൊട്ടിയത്തും കടവൂരും ഉയരപ്പാതയുടെ നിർമ്മാണം 90 ശതമാനം പൂർത്തിയായി. മേവറത്ത് എൺപത് ശതമാനവും. മൈലക്കാട് പോലെ ചതുപ്പ് പ്രദേശത്താണ് അടിപ്പാത സ്ഥിതി ചെയ്യുന്നത്. വിദഗ്ദ്ധ സംഘത്തെ നിയോഗിച്ച് പഠനം നടത്താൻ എൻ.എച്ച്.എ.ഐ കഴിഞ്ഞ ദിവസം തീരുമാനിച്ച സ്ഥലങ്ങളിലും കടവൂരും, പറക്കുളവും കൊട്ടിയവും ഉൾപ്പെട്ടിട്ടുണ്ട്. കടവൂരിൽ ചതുപ്പുള്ള സ്ഥലത്ത് വയഡക്ട് നിർമ്മിക്കാനുള്ള ചെലവ് സംബന്ധിച്ച പ്രോജക്ട് ഡയറക്ടർ ഒരുമാസം മുമ്പേ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഇതുവരെ അനുമതിയായിട്ടില്ല.

മൂന്നിടത്തും ചതുപ്പ് വില്ലൻ

 പറക്കുളത്ത് ഒരുവശത്തെ ചതുപ്പ് വർഷങ്ങൾക്ക് മുമ്പേ നികത്തിയത്

 ഈ ഭാഗത്ത് റോഡിന് കുറുകെ തോടും 200 മീറ്റർ അകലെ വയലും

 കൊട്ടിയം ജംഗ്ഷൻ മുതലുള്ള മഴവെള്ളം പറക്കുളത്ത് റോഡിന് കുറുകെയുള്ള തോട്ടിലേക്കാണ് എത്തുന്നത്

 മേവറത്ത് റോഡിന്റെ ഒരുവശത്ത് ചതുപ്പും മറുവശത്ത് വയലും

 കടവൂരിൽ ഉയരപ്പാതയുടെ ഇരുവശങ്ങളിലും ചതുപ്പ്

 മൈലക്കാട്ടേത് പോലെ ഈ മൂന്ന് സ്ഥലങ്ങളിലും ഉയരപ്പാതയ്ക്ക് ബലമുള്ള അടിസ്ഥാനം നിർമ്മിച്ചിട്ടില്ല

 ബലമുള്ള പാർശ്വഭിത്തികളുമില്ല

 പറക്കുളത്ത് നേരത്തെ ഉയരപ്പാതയ്ക്ക് മുകളിൽ വിള്ളൽ രൂപപ്പെട്ടിരുന്നു

 മൂന്നിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടാൽ അടിത്തട്ടിലെ മണ്ണ് അയഞ്ഞ് ഉയരപ്പാത ഇരി​ക്കാൻ സാദ്ധ്യതയുണ്ട്

സുരക്ഷാ ഭീഷണിയുള്ള സ്ഥലങ്ങളുടെ നീളം പറക്കുളം- 125 മീറ്റർ മേവറം- 100 മീറ്റർ കടവൂർ- 200 മീറ്റർ