അപകടത്തിന്റ ഞെട്ടൽ മാറാതെ മാവിള ഗ്രാമം
കൊല്ലം: അർദ്ധരാത്രി പിന്നിട്ടപ്പോഴുള്ള അപകടം, വലിയ ശബ്ദവും നിലവിളിയൊച്ചകളും. അഞ്ചൽ- പുനലൂർ റോഡിൽ മാവിളയിലുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ഗ്രാമം. ഫയർഫോഴ്സും ആംബുലൻസും പൊലീസുമടക്കം സൈറണുകൾ മുഴക്കിയെത്തിയതോടെ നാടുണർന്നു, നിമിഷ നേരംകൊണ്ടാണ് മാവിള ഭാഗത്ത് വലിയ ജനക്കൂട്ടമായത്.
റോഡിന്റെ മദ്ധ്യഭാഗത്തായി തകർന്ന് തരിപ്പണമായ നിലയിലായിരുന്നു ഓട്ടോറിക്ഷ. ഫയർഫോഴ്സ് സംഘവും പൊലീസും അവിടെയുണ്ടായിരുന്നവരും ചേർന്ന് ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഓട്ടോ ഡ്രൈവർ അക്ഷയ് അപ്പോഴേക്കും മരിച്ചിരുന്നു. മറ്റ് രണ്ടുപേരെയും പുറത്തെടുത്തപ്പോൾ ജീവന്റെ തുടിപ്പ്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തകർന്ന ഓട്ടോ റോഡിന്റെ വശത്തേക്ക് മാറ്റി. ഇടിച്ച ബസും വശത്തേക്ക് ഒതുക്കിയാണ് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്. വലിയ ദുരന്തത്തിന്റെ ഞെട്ടലിലായിരുന്നു മാവിള ഗ്രാമം. മരിച്ചതാരെന്ന് സ്ഥിരീകരിക്കാൻ പിന്നെയും ഏറെ സമയമെടുത്തു. ആശുപത്രിയിലും ആളുകൾ ഓടിക്കൂടി. നേരം നന്നെ പുലരുംവരെയും പലരും അപകട സ്ഥലത്തുനിന്ന് പോയതുമില്ല. രാവിലെയാണ് സോഷ്യൽ മീഡിയകളിലും മറ്റുമായി അപകടത്തിന്റെ ഭീകരാവസ്ഥയും മൂന്ന് പേർ മരിച്ചതായും കൂടുതൽ പേർ അറിയുന്നത്. അതോടെ അപകട സ്ഥലത്തേക്ക് ആളുകളുടെ വരവ് കൂടി.