അവധിക്ക് വരാനിരിക്കെ മകളുടെ വിയോഗ വാർത്ത
Friday 12 December 2025 12:11 AM IST
കൊല്ലം: കുടുംബത്തിനൊപ്പം സന്തോഷം പങ്കിടാനായി അവധിക്ക് നാളടുക്കുമ്പോഴാണ് ബിനിയുടെ കാതിലേക്ക് പൊന്നുമകളുടെ മരണവാർത്തയെത്തിയത്. നാല് വർഷം മുമ്പാണ് കരവാളൂർ നീലമ്മാൾ പള്ളിവടക്കേതിൽ സുനിൽകുമാറിന്റെ ഭാര്യ ബിനി കുവൈറ്റിലേക്ക് ജോലിതേടിപ്പോയത്. എല്ലാ ദിവസവും രാത്രിയിൽ ഫോൺ വിളിക്കുമ്പോൾ ശ്രുതിലക്ഷ്മിയാണ് കൂടുതൽ സംസാരിക്കുക. ജനുവരിയിൽ നാട്ടിലെത്തുമെന്ന് ബിനി അറിയിച്ചതോടെ ആവശ്യങ്ങളുടെ പട്ടികയും നിരത്തി. മകളും എട്ടാം ക്ളാസുകാരൻ മകൻ ശ്രീലേഷും പറഞ്ഞതൊക്കെ വാങ്ങിവച്ചാണ് ബിനി നാട്ടിലെത്താൻ വെമ്പിയത്. പക്ഷെ, നിനച്ചിരിക്കാതെത്തിയ മരണവാർത്തയിൽ അമ്മമനം ഉടഞ്ഞു. ഇന്ന് പൊന്നുമോളുടെ ചേതനയറ്റ ശരീരമാണ് ബിനി കാണേണ്ടിവരുന്നത്. സുനിൽ കുമാർ ഡ്രൈവറായും കൂലിപ്പണിക്കുമൊക്കെ പോകാറുണ്ട്.