'സ്റ്റാർട്ട് അപ്പ്" കേരളം , നിക്ഷേപം 6,000 കോടി

Friday 12 December 2025 12:12 AM IST

തിരുവനന്തപുരം: രാജ്യത്ത് സ്റ്റാർട്ടപ്പ് നയം ആദ്യം നടപ്പാക്കിയ കേരളം 6,000 കോടിയുടെ മൊത്ത നിക്ഷേപം എന്ന നാഴികക്കല്ലും താണ്ടി മുന്നോട്ട്. സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2022ലെ ബെസ്റ്ര് പെർഫോർമർ പുരസ്കാരത്തിന് പുറമെയാണ് ഈ നേട്ടം. അമേരിക്കയിലെ എം.ഐ.ടിയുടെ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ബിറ്റ്സ് ആൻഡ് ആറ്റംസിന്റെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് ഉൾപ്പെടെ രണ്ടു ഫാബ് ലാബുകളും 23 മിനി ഫാബ് ലാബുകളും പ്രവർത്തിക്കുന്ന മേക്കർ കമ്മ്യൂണിറ്റികളിലൊന്നായി കേരളം മാറി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 557ലധികം ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകളും (ഐ.ഇ.ഡി.സി) പ്രവർത്തിക്കുന്നു. പുതിയ സങ്കേതിക വിദ്യകളുടെയും തൊഴിലവസരങ്ങളുടെയും ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഹഡിൽ ഗ്ലോബൽ ഉച്ചകോടിയുടെ ഏഴാം പതിപ്പ് ഇന്ന് കോവളത്ത് ആരംഭിക്കും.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് കുതിപ്പ്

2016ൽ 300

2025ൽ 7,600

തൊഴിലവസരങ്ങൾ - 76,000

(ഇതിൽ 40,000 ലധികം തൊഴിൽ നേരിട്ടുള്ളത്)

കേരള സ്റ്രാർട്ടപ്പ് മിഷൻ ഗ്രാന്റ്, വായ്പ ഇനങ്ങളിൽ സഹായമായി നൽകിയത്- 51.39 കോടി രൂപ

എമർജിംഗ് ടെക്നോളജി ഹബ്ബ്

കേരളത്തെ നവസാങ്കേതിക വിദ്യയുടെ ഹബ്ബാക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ 5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ ലോകോത്തര നിലവാരത്തിലുള്ള എമർജിംഗ് ടെക്‌നോളജി ഹബ്ബ് നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലുളള ഒരു കമ്പനിയായിട്ടാവും ഇതിന്റെ പ്രവർത്തനം.

 സ്റ്റാർട്ടപ്പ് മേഖലയിൽ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കേരളത്തിന് കഴിഞ്ഞു. ഫുഡ് പ്രോസസിംഗ്, ഇലക്ട്രോണിക്സ്, ബാങ്കിംഗ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പുതിയപുതിയ സ്റ്രാർട്ടപ്പുകൾ. അതിനെല്ലാം വളരാനുള്ള നല്ല സാഹചര്യം കൂടി കേരളത്തിൽ വന്നിരിക്കുന്നു. അഫോഡബിൾ ഇക്കോ സിസ്റ്രത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇടമായി കേരളം മാറി. സ്റ്റാർട്ടപ്പ് മേഖലയെ കുറച്ചുകൂടി ശക്തിപ്പെടുത്താൻ ഹഡിൽ ഗ്ളോബൽ സഹായകമാവും.

- പി.രാജീവ്,

വ്യവസായ മന്ത്രി