വാടക വീട്ടിലെ സ്വപ്നങ്ങൾ കൊഴിഞ്ഞു

Friday 12 December 2025 12:12 AM IST

കൊല്ലം: പ്രാരാബ്ധങ്ങളുടെ വാടകവീട്ടിലിരുന്ന് കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും മുമ്പേയാണ് ജ്യോതിലക്ഷ്മി കൊഴിഞ്ഞുവീണത്. അഞ്ചൽ തഴമേൽ ചൂരക്കുളം ജയജ്യോതി ഭവനിൽ രഘു- ബിന്ദു ദമ്പതികളുടെ മകൾ ജ്യോതിലക്ഷ്മി(21) ബംഗളൂരുവിൽ നഴ്സിംഗ് പഠനം ഏറെക്കുറെ പൂർത്തിയാക്കി. ഇനി പരീക്ഷാ കാലമാണ്. അതിന്റെ തയ്യാറെടുപ്പുകൾ, അതിന് ശേഷം സ്വന്തം നിലയിൽ വരുമാനമുള്ളൊരു ജോലി നേടിയിട്ടേ വിവാഹമുള്ളൂവെന്ന് അവൾ വീട്ടുകാരോട് പറഞ്ഞിരുന്നു. സ്നേഹ ബന്ധത്തിന് വീട്ടുകാരെതിർപ്പ് പ്രകടിപ്പിക്കാത്തതും സ്വപ്നങ്ങൾക്ക് കൂടുതൽ നിറം നൽകി. അടച്ചുറപ്പുള്ളൊരു വീട് നിർമ്മിക്കാനുള്ള കുടുംബത്തിന്റെ ഒന്നാകെയുള്ള സ്വപ്നവും ബാക്കിയാണ്. വാടക വീടാണെങ്കിലും മക്കളുടെ പേരുകൾ കൂട്ടിച്ചേർത്താണ് രഘുവും ബിന്ദുവും 'ജയജ്യോതി ഭവൻ' എന്ന വീട്ടുപേര് നൽകിയത്. ജയലക്ഷ്മിയാണ് സഹോദരി.