പ്രശ്നരഹിത തിരഞ്ഞെടുപ്പ്: പൊലീസിനൊപ്പം എം.വി.ഡിയും എക്സൈസും ഫോറസ്റ്റും
കൊല്ലം: രണ്ട് ഘട്ടമായി പൂർത്തിയായ തദ്ദേശതിരഞ്ഞെടുപ്പ് പൊലീസിനൊപ്പം ചേർന്ന് സമാധാനപരവും വിജയകരവുമാക്കി എം.വി.ഡിയും എക്സൈസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും. പോളിംഗ് ബൂത്തുകളിലെ സുരക്ഷ ഉറപ്പാക്കാൻ
പൊലീസുകാരെ സഹായിക്കാനാണ് മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും നിയോഗിച്ചത്.
കഴിഞ്ഞ 9ന് ആദ്യഘട്ട തിരഞ്ഞെടുപ്പിലും ഇന്നലെ നടന്ന രണ്ടാം ഘട്ടത്തിലും ഭൂരിഭാഗം പൊലീസുകാർക്കും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ഡ്യൂട്ടിക്ക് പോകേണ്ടിവന്നു. തുടർച്ചയായി ഡ്യൂട്ടി ചെയ്യേണ്ടിവന്നെങ്കിലും യാത്രയും ഉറക്കവും തീർത്ത ക്ഷീണം മറന്നാണ് ഓരോ ഉദ്യോഗസ്ഥരും ഉത്തരവാദിത്തങ്ങൾ നിറവേറ്റിയത്. മുൻ വർഷങ്ങളിൽ ആർ.ടി.ഒ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഇത്തവണ മോട്ടർ വാഹന വകുപ്പിലെയും വനം വകുപ്പിലെയും എക്സൈസ് വകുപ്പിലെയും ഉദ്യോഗസ്ഥരെയും നിയോഗിക്കുകയായിരുന്നു.
രാത്രി സമയത്ത് പരിചിതമല്ലാത്ത സ്ഥലത്ത്, പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ സൗകര്യമില്ലാതെ ജോലി ചെയ്യേണ്ടിവന്നവരുമുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ ആശങ്ക ഒഴിവാക്കി ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രശ്നരഹിതമാക്കി. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവർക്ക് പിന്തുണയും നൽകി.
അതേസമയം, ജീവനക്കാരെ കൂട്ടത്തോടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ റീജനൽ ട്രാൻസ്പോർട്ട് ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റി. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ ദീർഘനാൾ കാത്തുനിന്ന് ഓൺലൈനിൽ തീയതി എടുത്തവർക്ക് ഡ്രൈവിംഗ് ടെസ്റ്റ്, വെഹിക്കിൾ ടെസ്റ്റ് എന്നിവ തടസപ്പെടുന്ന സാഹചര്യവുമുണ്ടായി. തുടക്കത്തിൽ ഇരട്ട ഡ്യൂട്ടി സംബന്ധിച്ച് പരാതിയും ഉയർന്നിരുന്നു. പോളിംഗ് ബൂത്തുകളിലെ സുരക്ഷാ സാഹായത്തിനെന്ന പേരിൽ പൊലീസിലെ സി.പി.ഒ റാങ്കിലെ ഡ്യൂട്ടിക്ക് തുല്യമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള ഉത്തരവിൽ അതൃപ്തിയുമായി ഒരുകൂട്ടം ഉദ്യോഗസ്ഥർ രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രതിസന്ധികൾ മറികടന്ന്
ഡ്യൂട്ടി അറിയിപ്പ് ലഭിച്ചത് അവസാന നിമിഷം
തുടർച്ചയായ ഡ്യൂട്ടി, വിശ്രമിക്കാൻ സമയം കുറവ്
വിശ്രമമില്ലാതെ യാത്ര
പ്രാഥമികകാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്ത സ്ഥലങ്ങളിലും ഡ്യൂട്ടി
ഓഫീസർ റാങ്കിലുള്ളവർക്ക് ഗാർഡ് ഡ്യൂട്ടി
ഡിപ്പാർട്ട്മെന്റ് വാഹനങ്ങളുടെയും മറ്റ് യാത്രാ സൗകര്യങ്ങളുടെയും കുറവ്
ഡി.എ/ടി.എ അലവൻസ് കൃത്യമായി ലഭിക്കാതിരിക്കൽ
പരിചയമില്ലാത്ത ജില്ലയിൽ പോയിന്റ് ഡ്യൂട്ടി