ജി. കിഷോർ സ്പോർട്സ് യൂണിവേഴ്സിറ്റി വി.സി

Friday 12 December 2025 12:22 AM IST

തിരുവനന്തപുരം : തെലങ്കാനയിലെ യംഗ് ഇന്ത്യ സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി മലയാളിയായ ജി.കിഷോർ തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് അതോറി​റ്റി​ ഒഫ് ഇന്ത്യ മേഖലാ ഡയറക്ടറും കാര്യവട്ടം എൽ.എൻ.സി.പി.ഇ പ്രി​ൻസി​പ്പാളുമായി ദീർഘകാലം സേവനമനുഷ്ഠിച്ച കിഷോർ കഴിഞ്ഞ ജൂലായിൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും കഴിഞ്ഞമാസം വരെ താത്കാലികമായി ചുമതലയിൽ തുടരുകയായിരുന്നു.

കേരളം ആതിഥ്യം വഹിച്ച രണ്ട് ദേശീയ ഗെയിംസുകളുടെ സംഘാടനത്തിലും സുപ്രധാന പദവികൾ വഹിച്ച കിഷോർ കാര്യവട്ടം, ഗ്വാളിയർ എൻ.സി.പി.ഇകളിൽ അദ്ധ്യാപകനായിരുന്നു. 1992ൽ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഇദ്ദേഹം ഡൽഹിയിലും കൊൽക്കത്ത,ബാംഗ്ലൂർ റീജിയണൽ സെന്ററുകളിലും ഡയറക്ടറായിരുന്നു. 2010ലാണ് ഡയറക്ടറായി കാര്യവട്ടത്തേക്ക് തിരിച്ചെത്തിയത്. തുടർന്ന് പ്രിൻസിപ്പാളുമായി.

1994ൽ ഡെപ്യൂട്ടേഷനിൽ സംസ്ഥാന കായിക വകുപ്പിൽ അഡിഷണൽ ഡയറക്ടറായി. യൂത്ത് വെൽഫെയർ ബോർഡിന്റെ മെമ്പർ സെക്രട്ടറിയുമായിരുന്നു.സംസ്ഥാനത്ത് ആദ്യമായി ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാമിന് തുടക്കമിട്ടതും സ്പോർട്സ് ബിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും കേരളോത്സവത്തിനും സാങ്കേതിക സഹായങ്ങൾ നൽകിയതും ഇക്കാലയളവിലാണ്. 2006-ൽ സ്പോർട്സ് ഡയറക്ടറും സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായി ഡെപ്യൂട്ടേഷനിൽ വീണ്ടും കേരളത്തിലേക്കെത്തി. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള കരിക്കുലം കമ്മിറ്റിയിൽ പങ്കാളിയായതും സ്പോർട്സ് കമ്മിഷനിൽ ഭാഗഭാക്കായതും ഈ കാലയളവിലാണ്. 1987 ദേശീയ ഗെയിംസിന്റെ ഭാഗമായ ഭാരതീയം പരിപാടിയുടെ ചുക്കാൻ പിടിച്ച ജി.കിഷോർ 2015 ദേശീയ ഗെയിംസിന്റെ വേദികൾ തിരഞ്ഞെടുത്ത് കേന്ദ്രാനുമതി ലഭ്യമാക്കുന്നതിൽ സജീവപങ്കാളിത്തം വഹിക്കുകയും ഗെയിംസിന്റെ ടെക്നിക്കൽ കമ്മറ്റി അംഗമായി പ്രവർത്തിക്കുകയും ചെയ്തു.