വെൽക്കം മെസി

Friday 12 December 2025 12:28 AM IST

അർജന്റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ശനിയാഴ്ച വെളുപ്പിന് ഇന്ത്യയിലെത്തും

കൊൽക്കത്ത, ഹൈദരാബാദ്, മുംബയ്, ന്യൂഡൽഹി എന്നിവിടങ്ങളിൽ പരിപാടികൾ

കൊൽക്കത്ത : അർജന്റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയെ വരവേൽക്കാനൊരുങ്ങി ഇന്ത്യ. ശനിയാഴ്ച വെളുപ്പിന് ഒന്നരയോടെ കൊൽക്കത്തയിൽ വിമാനമിറങ്ങുന്ന മെസി ശനി.ഞായർ,തിങ്കൾ ദിവസങ്ങളിലായി കൊൽക്കത്ത, ഹൈദരാബാദ്, മുംബയ്, ന്യൂഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിൽ വിവിധ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കും. ഗോട്ട് ഇന്ത്യ ടൂർ എന്ന് പേരിട്ടിരിക്കുന്ന പര്യടനത്തിനൊടുവിലെ ദിവസം പ്രധാനമന്ത്രി മോദിയെ സന്ദർശിക്കാനും പദ്ധതിയുണ്ട്.

സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ മെസിക്കൊപ്പം കളിച്ചിരുന്ന ഉറുഗ്വേ താരം ലൂയിസ് സുവാരേസും ഇപ്പോൾ ഇന്റർ മയാമിയിൽ മെസിക്കൊപ്പം കളിക്കുന്ന അർജന്റീന ടീമിലെ സഹതാരം റോഡ്രിഗോ ഡി പോളും മെസിക്കൊപ്പം വരുന്നുണ്ട്.സുവാരേസും ഡി പോളും മുംബയ്‌യിലും ഹൈദരാബാദിലും കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം ഷാറുഖ് ഖാനും പങ്കെടുക്കും. ശതാദ്രു ദത്തയാണ് ഗോട്ട് ഇന്ത്യ ടൂറിന്റെ പ്രമോട്ടർ.

ഫോട്ടോയെടുക്കാൻ

10 ലക്ഷം

ഹൈദരബാദിലും മുംബയ്‌യിലും നടക്കുന്ന പരിപാടികളിൽ മെസിക്കൊപ്പം ഫോട്ടോയെടുക്കാൻ 10 ലക്ഷം വരെ നൽകി ടിക്കറ്റെടുക്കാൻ ആളുള്ളതായി റിപ്പോർട്ടുകൾ. മെസി പങ്കെടുക്കുന്ന സ്വകാര്യചടങ്ങുകൾ ഗാലറിയിലിരുന്ന കാണാനുള്ള ടിക്കറ്റുകൾ നാളുകൾക്ക് മുന്നേ വിറ്റുതീർന്നിരുന്നു.കൊൽക്കത്തയിലെ പരിപാടിയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 4366രൂപയാണ്.

70 അടി പൊക്കത്തിൽ

മെസി പ്രതിമ

കൊൽക്കത്ത നഗരത്തിൽ നിർമ്മിച്ച 70 അടി പൊക്കമുള്ള മെസിയുടെ ഇരുമ്പ് പ്രതിമ ശനിയാഴ്ച അനാച്ഛാദനം ചെയ്യും. ലോകത്ത് നിർമ്മിച്ച ഒരു ഫുട്ബാൾ താരത്തിന്റെ ഏറ്റവും ഉയരമുള്ള പ്രതിമയാണ് ഇതെന്ന് ബംഗാൾ സർക്കാർ അവകാശപ്പെടുന്നു. കൈയിൽ ലോകകപ്പുമായി നിൽക്കുന്ന രീതിയിലാണ് പ്രതിമ നിർമ്മിച്ചിട്ടുള്ളത്.

മെസിക്കെതിരെ പന്തുതട്ടാൻ

തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദിലെത്തുന്ന മെസി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നയിക്കുന്ന ടീമിനെതിരെ സൗഹൃദ മത്സരത്തിൽ കളിക്കും. മെസിക്കെതിരെ കളിക്കാനായി ദിവസങ്ങളായി ഫുട്ബാൾ പരിശീലനത്തിലാണ് രേവന്ത്.

കേരളത്തിന്റെ നഷ്ടം

ഇപ്പോൾ വരുന്നതിന് മുമ്പ് മെസി എത്തേണ്ടത് കേരളത്തിലായിരുന്നു. എന്നാൽ സ്റ്റേഡിയം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലെ വീഴ്ച കാരണം ഈ സമയത്ത് കേരളത്തിലേക്ക് വരേണ്ടെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.

രണ്ടാം വട്ടം

മെസിയുടെ രണ്ടാം ഇന്ത്യാ സന്ദർശനമാണിത്. 2011ൽ കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനിസ്വേലയ്ക്ക് എതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് മെസി അർജന്റീന ക്യാപ്ടനായി അരങ്ങേറിയത്.

മെസിയുടെ പരിപാടികൾ

ശനി വെളുപ്പിന് 1.30 : കൊൽക്കത്തയിൽ വിമാനമിറങ്ങുന്നു

ശനി രാവിലെ 9.30 : പ്രമുഖരുമായി കൂടിക്കാഴ്ച

ശനി രാവിലെ 10.30 : വിർച്വലായി തന്റെ പ്രതിമ അനാച്‌ഛാദനം

ശനി രാവിലെ 11.15 : സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സ്വീകരണം

ശനി ഉച്ചയ്ക്ക് 12 : സാൾട്ട്ലേക്കിൽ സൗഹൃദ മത്സരം

ശനി ഉച്ചയ്ക്ക് 02 : ഹൈദരാബാദിലേക്ക് തിരിക്കും

ശനി രാത്രി 7 : ഹൈദരാബാദിൽ മുഖ്യമന്ത്രിയുടെ ടീമുമായി സൗഹൃദമത്സരം.

ഞായറാഴ്ച വൈകിട്ട് 3.30 : മുംബയ്‌യിൽ പഡേൽ കപ്പ് വേദിയിൽ

ഞായറാഴ്ച വൈകിട്ട് 4 : മുംബയ്‌യിൽ സെലിബ്രിറ്റി ഫുട്ബാൾ മാച്ച്

ഞായറാഴ്ച വൈകിട്ട് 5 : വാങ്കഡെയിൽ ചാരിറ്റി ഫാഷൻ ഷോ

തിങ്കളാഴ്ച : രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 : മിനർവ അക്കാഡമി താരങ്ങളെ ആദരിക്കൽ

തിങ്കളാഴ്ച വൈകിട്ട് : മടക്കയാത്ര