നടി കേസിൽ ശിക്ഷാ വിധി ഇന്ന്: ദിലീപിനെ വെറുതേവിട്ടതിന്റെ കാരണം കോടതി വിശദമാക്കും
കൊച്ചി: ഓടുന്ന വാഹനത്തിൽ വച്ച് നടിയെ പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. നടൻ ദിലീപ് അടക്കം നാലു പ്രതികളെ ജഡ്ജി ഹണി എം. വർഗീസ് തിങ്കളാഴ്ച വെറുതേവിട്ടിരുന്നു. ദിലീപിനെയടക്കം വെറുതെവിടാനും ആറുപ്രതികളെ ശിക്ഷിക്കാനുമുള്ള കാരണങ്ങൾ അന്തിമ വിധിയിൽ വിശദീകരിക്കും.
ഒന്നു മുതൽ ആറു വരെ പ്രതികളും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരുമായ പെരുമ്പാവൂർ നടുവിലേക്കുടിയിൽ എൻ.എസ്. സുനിൽകുമാർ (പൾസർ സുനി), കൊരട്ടി പുതുശേരിയിൽ മാർട്ടിൻ ആന്റണി, തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി. മണികണ്ഠൻ, തലശേരി മംഗലശേരിൽ വി.പി. വിജീഷ്, ഇടപ്പള്ളി പള്ളിക്കപ്പറമ്പിൽ എച്ച്. സലിം (വടിവാൾ സലിം), തിരുവല്ല പഴയനിലത്തിൽ പ്രദീപ് എന്നിവരെയാണ് ശിക്ഷിക്കുക. ഇവർക്കെതിരെ കൂട്ട ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, ഐ.ടി ആക്ട് 66ഇ/67എ (അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ) തുടങ്ങിയ കുറ്രങ്ങളാണ് തെളിഞ്ഞത്. ഇരട്ട ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്. ശിക്ഷ സംബന്ധിച്ച് പ്രതികളുടെ ഭാഗം കൂടി കോടതി കേൾക്കും.
ദിലീപിന് പുറമേ ഇരിട്ടി പൂപ്പാലിയിൽ ചാർലി തോമസ്, കോഴഞ്ചരി സ്നേഹഭവനിൽ സനിൽകുമാർ, തുടരന്വേഷണത്തിൽ പ്രതിചേർക്കപ്പെട്ടിരുന്ന ശരത് നായർ എന്നിവരാണ് കുറ്റവിമുക്തരായത്.
2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്.
ദിലീപിനെതിരെ ഗൂഢാലോചനയും കൂട്ടബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയതുമടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നു. നടനെതിരായ ഗൂഢാലോചനാ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്നാണ് കോടതി നിലപാട്.