കൊടകര കള്ളപ്പണം: കോടതിയെ ചൊല്ലി ഇ.ഡി - സർക്കാർ പോര്

Friday 12 December 2025 12:40 AM IST

കൊച്ചി: തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കൊണ്ടുവന്നതെന്ന് പൊലീസ് കണ്ടെത്തിയ 3.56 കോടി രൂപ കൊടകരയിൽ കവർച്ച ചെയ്‌‌ത കേസിലെ വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യത്തെച്ചൊല്ലി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റും (ഇ.ഡി) സർക്കാരും തമ്മിൽ പോര് മുറുകി. കോടതിമാറ്റത്തെ സർക്കാർ എതിർക്കുമ്പോൾ സുപ്രീം കോടതി ഉത്തരവ് ഉന്നയിച്ചാണ് ഇ.ഡിയുടെ വാദം.

പൊലീസ് സമർപ്പിച്ച കുറ്റപത്രപ്രകാരം ഇരിങ്ങാലക്കുട അഡിഷണൽ സെഷൻസ് കോടതിയിൽ വിചാരണ നടപടി ആരംഭിച്ചിരുന്നു. ഇതോടെയാണ് കള്ളപ്പണ നിരോധനനിയമ (പി.എം.എൽ.എ) പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതിയിലേക്ക് മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെട്ടത്. ഒരേ കുറ്റകൃത്യത്തിന് രണ്ടു കോടതികളിൽ വിചാരണ പാടില്ലെന്ന് ഇ.ഡി വാദിക്കുന്നു. വിഷയം ഇരിങ്ങാലക്കുട കോടതിയുടെ പരിഗണനയിലാണ്.

പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിന്റെ തുടർച്ചയാണ് ഇ.ഡി കേസ്. പി.എം.എൽ.എ സെക്ഷൻ 44 (1 സി) പ്രകാരം രണ്ടു കേസുകളിലെയും വിചാരണ ഒരു കോടതിയിൽ നടത്തണം. കൂടുതൽ അധികാരം പി.എം.എൽ.എ കോടതിക്കാണ്. 2023ലെ റാണാ അയൂബ് കേസിൽ സുപ്രീം കോടതിയും താപസ് കേസിൽ കഴിഞ്ഞ ഒക്‌ടോബറിൽ ബോംബെ ഹൈക്കോടതിയും ഉത്തരവുകളിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്.

ഇ.ഡിയുടെ ആവശ്യം സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതിമാറ്റം അംഗീകരിച്ചാൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് അത് കാരണമാകുമെന്നും സർക്കാർ വാദിക്കുന്നു.

രാഷ്ട്രീയ വിവാദമായ കേസ്

2021ലെ നിയമസഭ വോട്ടെടുപ്പിന് മൂന്നുദിവസം മുമ്പാണ് തൃശൂർ കൊടകരയിൽ കാർ തടഞ്ഞ് ഡ്രൈവർ ഷംജീറിനെ ആക്രമിച്ച് 3.56 കോടി രൂപ തട്ടിയെടുത്തത്. പൊലീസ് കേസിലെ 23 പേരാണ് ഇ.ഡി കേസിലും പ്രതികൾ. പൊലീസ് 2021 ജൂലായ് 23ന് കുറ്റപത്രവും 2022 നവംബർ 15ന് അധിക കുറ്റപത്രവും ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചു. 2025 മാർച്ച് 25ന് ഇ.ഡിയുടെ കുറ്റപത്രം കൊച്ചി കോടതിയിലും സമർപ്പിച്ചു.

പൊലീസ് കണ്ടെത്തൽ

ബി.ജെ.പി സ്ഥാനാർത്ഥികൾക്കായി കർണാടകയിൽ നിന്ന് കൊണ്ടുവന്നതാണ് കുഴൽപ്പണം. ഹവാല ഇടപാടുകാരനായ കോഴിക്കോട് സ്വദേശി ധർമ്മരാജൻ കടത്തിയ 41.40 കോടി രൂപ ബി.ജെ.പി നേതാക്കൾക്ക് വിതരണം ചെയ്‌തതിന്റെ ബാക്കി തുകയാണ് കൊള്ളയടിച്ചത്.

ഇ.ഡി കണ്ടെത്തൽ

ആലപ്പുഴയിൽ ഹോട്ടൽ ഇടപാടിനായി ബിസിനസുകാരനായ ധർമ്മരാജൻ കൊടുത്തുവിട്ടതാണ് പണം. 3.56 കോടി രൂപ മാത്രമാണ് കൊണ്ടുവന്നത്. കൊള്ളയടിക്കലാണ് നടന്നത്. ധർമ്മരാജന്റെ രാഷ്ട്രീയബന്ധത്തെപ്പറ്റി കുറ്റപത്രത്തിൽ പരാമർശിക്കുന്നില്ല.