ശ്രീചിത്രയിൽ പോസ്റ്റ് ബേസിക് നഴ്സിംഗ് ഡിപ്ലോമ
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് &ടെക്നോളജിയിൽ നഴ്സിംഗിൽ ഫുൾടൈം പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രോഗ്രാം. 16വരെ അപേക്ഷിക്കാം. കാർഡിയോ തെറാസിക് നഴ്സിംഗ് പോസ്റ്റ് ബേസിക് ഡിപ്ലോമ, ന്യൂറോസയൻസ് നഴ്സിംഗ് പോസ്റ്റ് ബേസിക് ഡിപ്ലോമ എന്നീ രണ്ടു സ്പെഷ്യാലിറ്റികളിലാണ് പ്രോഗ്രാം. ഓരോ പ്രോഗ്രാമിലും 11സീറ്റുകൾ വീതമാണുള്ളത്. ഒരു വർഷമാണ് കോഴ്സ് കാലാവധി. താത്പര്യമുള്ളവർക്ക് ക്ലിനിക്കൽ പരിചയത്തിനായി ഒരുവർഷം കൂടി അവസരം ലഭിക്കും. ആദ്യവർഷം പ്രതിമാസം 11440രൂപയും രണ്ടാംവർഷം 13350രൂപയും വീതം സ്റ്റൈപൻഡ് ലഭിക്കും. യോഗ്യത: രജിസ്റ്റേർഡ് നഴ്സായിരിക്കണം. മികച്ച ശാരീരികക്ഷമതയും വേണം. വയസ് 35. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പ്: പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കില്ല. എഴുത്തു പരീക്ഷയിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവർക്ക് പ്രാക്ടിക്കൽ ഇന്റർവ്യൂ നടത്തിയാണ് അന്തിമ സെലക്ഷൻ. 22നാണ് പരീക്ഷ. 2026 ജനുവരി 1ന് ക്ലാസ് ആരംഭിക്കും. 10000 രൂപയാണ് ട്യൂഷൻ ഫീസ്. വെബ്സൈറ്റ്: www.sctimst.ac.in.